തിരുവനന്തപുരം : സാമൂഹിക പെന്‍ഷന്‍ മുടങ്ങിയത് അടിയന്തര സ്വഭാവത്തോടെ സഭയില്‍ അവതരിപ്പിക്കേണ്ട വിഷയമല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിഷയം കഴിഞ്ഞ ജനുവരിയില്‍ സഭയില്‍ ചര്‍ച്ച ചെയ്തതാണ്. പ്രതിപക്ഷം മുതലെടുപ്പ് നടത്തുകയാണെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ കുടിശ്ശികയായതോടെ ജനം ദുരിതത്തിലായെന്നും വിഷയം അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യണമെന്നും പി വി വിഷ്ണുനാഥാണ് നോട്ടീസ് നല്‍കിയത്.
സാമൂഹിക ക്ഷേമ പെന്‍ഷന്റെ നാല് ഗഡു മൂന്ന് മാസത്തിനിടയില്‍ വിതരണം ചെയ്തു. ജൂണ്‍ മാസത്തെ പെന്‍ഷന്‍ അടുത്തയാഴ്ച്ച വിതരണം ചെയ്യും. അടിയന്തര സ്വഭാവത്തിലുള്ള വിഷയമല്ല ഇത്. പ്രതിപക്ഷത്തിന്റെ മുതലകണ്ണീര്‍ ജനം കാണുന്നുണ്ട്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം ഈ സര്‍ക്കാരിന്റെ കാലത്ത് ഇരട്ടിയായി.
യുഡിഎഫിന്റെ കാലത്ത് 18 മാസത്തെ പെന്‍ഷന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കൊടുക്കാനുണ്ടായിരുന്നു എന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനിയെങ്കിലും കേന്ദ്രത്തിനെതിരെ സംയുക്ത സമരത്തിന് പ്രതിപക്ഷം തയ്യാറുണ്ടോയെന്നും ബാലഗോപാല്‍ ചോദിച്ചു.
Be the first to comment