നീറ്റ് പരീക്ഷാ ക്രമക്കേട് ; ഡൽഹിയിൽ കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധം ആളിക്കത്തുന്നു. ഡൽഹിയിൽ ബിജെപി ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ പലതരത്തിലുള്ള പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ആദ്യമായാണ് ബിജെപി ആസ്ഥാനത്തേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്.

സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ജലപീരങ്കി ഉൾപ്പടെയുള്ള പ്രതിരോധ സംവിധാനങ്ങൾ പോലീസ് സജ്ജമാക്കിയിട്ടുണ്ട്.വിവിധ സംസ്ഥാനങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനമുണ്ട്. പട്നയില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളിലും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നുണ്ട്. പരീക്ഷ റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം. കേരളത്തിലും വിവിധയിടങ്ങളില്‍ പ്രതിഷേധ സമരം നടന്നു.

നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രതിഷേധിച്ച് കെഎസ്‍യു തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. അതേസമയം, നീറ്റ് പരീക്ഷാ നടത്തിപ്പിലെ കൂടുതൽ വീഴ്ചകൾ പുറത്തുവരികയാണ്. പരീക്ഷാ കേന്ദ്രങ്ങളിൽ പലയിടങ്ങളിലും സിസിടിവി നിരീക്ഷണം ഉണ്ടായിരുന്നില്ലെന്നാണ് പരീക്ഷാ ദിവസം പരിശോധന നടത്തിയ ഏജൻസിയുടെ കണ്ടെത്തൽ. ചോദ്യപേപ്പർ സൂക്ഷിച്ച സ്റ്റോർ റൂമിൽ സുരക്ഷ ഒരുക്കിയിരുന്നില്ല. പരിശോധന നടന്ന 399 കേന്ദ്രങ്ങളിൽ 186-ലും സിസിടിവി ഉണ്ടായിരുന്നില്ല. 68 കേന്ദ്രങ്ങളിൽ സ്ട്രോങ്ങ് റൂം സംവിധാനം ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തലുണ്ട്. പരീക്ഷാ ദിവസമായ മെയ് അഞ്ചിന് സന്ദർശനം നടത്തിയ ഏജൻസി ജൂൺ 16-നാണ് റിപ്പോർട്ട് നൽകിയത്.

Be the first to comment

Leave a Reply

Your email address will not be published.


*