സംസ്ഥാനത്തെ രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയോടെ പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയോടെ പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രക്തം ശേഖരിക്കുന്നത് മുതല്‍ ഒരാള്‍ക്ക് നല്‍കുന്നത് വരെ നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി (Blood bag traceability) സംവിധാനമാണ് നടപ്പിലാക്കുന്നത്.

വെയിന്‍ ടു വെയിന്‍ ട്രേസബിലിറ്റി (Vein to vein traceability) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ താപനില കൃത്യമായി തിരിച്ചറിയാനും കാലാവധി കഴിഞ്ഞ് രക്തം നഷ്ടമാകാതിരിക്കാനും സാധിക്കുന്നു. ട്രയല്‍ റണ്‍ വിജയകരമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ 42 സര്‍ക്കാര്‍ ബ്ലഡ് ബാങ്കുകളിലും 57 ബ്ലഡ് സ്റ്റോറുകളിലും ഈ സംവിധാനം നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി.

സാധാരണ രക്തം സൂക്ഷിക്കുന്നത് 2 മുതല്‍ 8 ഡിഗ്രി താപനിലയിലാണ്. ഈ താപനിലയില്‍ നിന്നും കുറഞ്ഞാലോ കൂടിയാലോ രോഗിയുടെ ശരീരത്തില്‍ റിയാക്ഷന്‍ ഉണ്ടാകും. ഈ സാങ്കേതികവിദ്യയിലൂടെ കൃത്യമായ താപനില നിരീക്ഷിക്കാന്‍ കഴിയുന്നു. ഇതിനായി ബ്ലഡ് ബാഗില്‍ ആര്‍.എഫ്.ഐ.ഡി. (Radio Frequency Identification) ലേബല്‍ ഘടിപ്പിക്കുന്നു.

ഇതിലൂടെ ആ രക്തത്തിന്റെ താപനില കൂടിയാലോ കുറഞ്ഞാലോ രജിസ്റ്റര്‍ ചെയ്ത മൊബൈലിലോ ഇ മെയിലിലോ മെസേജ് വരുന്നു. ഉടന്‍ തന്നെ ആ രക്തം പിന്‍വലിക്കാന്‍ സാധിക്കുന്നു. മാത്രമല്ല ഗുണമേന്മ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുന്നു. രക്തം എക്‌സ്പിയറി ഡേറ്റ് കഴിയാതെ കൃത്യമായി പോര്‍ട്ടലിലൂടെ ഓര്‍മ്മിപ്പിക്കാനും ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കുന്നു. അതിനാല്‍ തന്നെ പാഴാവുന്ന രക്തം കുറയ്ക്കാനും സാധിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*