കോട്ടയം: മീനും ഇറച്ചിയും മാത്രമല്ല പച്ചക്കറിയും വിലക്കയറ്റത്തിൽ ഒന്നാമത് തന്നെ. ഇങ്ങനെ പോയാൽ സാധാരണക്കാരന്റെ കുടുംബ ബജറ്റ് പ്രതിസന്ധിയിലാകുമെന്ന് ഉറപ്പ്. വിപണിയിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാണ്. പലവ്യഞ്ജന വസ്തുക്കൾക്കൊപ്പം പച്ചക്കറികളുടെയും വില കുതിച്ചുയരുകയാണ്. കടുത്ത ചൂടും സമയം തെറ്റിയുള്ള മഴയും കാരണം തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞതുമാണ് പച്ചക്കറിയുടെ വില ഉയരാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു.
നൂറും ഇരുന്നൂറും കടന്ന് മുന്നോട്ട് കുതിക്കുകയാണ് പച്ചക്കറികൾ. ഒട്ടുമിക്ക പച്ചക്കറികൾക്കെല്ലാം വില അമ്പതിന് മുകളിലാണ്. കഴിഞ്ഞമാസം മൊത്തവ്യാപാര വിപണിയിൽ 46 രൂപയായിരുന്ന മുരിങ്ങക്കായുടെ വില 240 രൂപയായി. തക്കാളിയുടെ വില കിലോക്ക് 100ന് മുകളിലാണ്. മുളക്, ബീൻസ്, കാരറ്റ്, വഴുതനങ്ങ, കത്രിക്ക, ബീറ്റ്റൂട്ട് തുടങ്ങിയവ കാൽകിലോ അറുപത് രൂപയ്‌ക്ക് മുകളിലാണ് വില. കഴിഞ്ഞ മാർച്ചിൽ തുടങ്ങിയ വിലക്കയറ്റം മാസങ്ങൾ പിന്നിട്ടിട്ടും മാറ്റമില്ലാതെ തുടരുകയാണ്. വിലകൂടിയതോടെ കച്ചവടം കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. വരും ദിവസങ്ങളിൽ ചുരുക്കം ചില പച്ചക്കറികൾക്ക് വില കുറയാനും സാധ്യതയുണ്ടെന്ന് ഇവർ പറയുന്നു.
കോട്ടയം ചന്തയിലെ പച്ചക്കറികളുടെ വ്യാപാരവില:
മുളക് – 160, ഇഞ്ചി (കാൽകിലോ) –60, വെളുത്തുള്ളി (കാൽകിലോ)– 70, കാരറ്റ് –- 70, ബീറ്റ്റൂട്ട്– 80, വെണ്ടക്ക – 40, ബീൻസ് – 140, സവാള – 40, പയർ – 60, ചുവന്നുള്ളി – 90.
Be the first to comment