അരവിന്ദ് കെജ്‌രിവാളിന് റോസ് അവന്യു കോടതി അനുവദിച്ച ജാമ്യം റദ്ദാക്കി ഡൽഹി ഹൈക്കോടതി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് റോസ് അവന്യു കോടതി അനുവദിച്ച ജാമ്യം റദ്ദാക്കി ഡൽഹി ഹൈക്കോടതി. റോസ് അവന്യു കോടതി ജഡ്ജി ജൂൺ 20ന് നൽകിയ ജാമ്യത്തിനെതിരെ ഇ ഡി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ഇഡിയുടെ വാദങ്ങൾ വിചാരണക്കോടതി ജഡ്ജി പരിഗണിച്ചില്ലെന്നും അതിനാൽ ഉത്തരവ് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ജൂൺ ഇരുപതിനായിരുന്നു എഎപി നേതാവിന് ഡൽഹി റോസ് അവന്യു കോടതി ജാമ്യം നൽകിയത്. പിന്നാലെ ഇഡി ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസുമാരായ സുധിർ കുമാർ ജെയിൻ, രവീന്ദർ ദുദേജ എന്നിവരാണ് ഇഡിയുടെ അപേക്ഷ പരിഗണിച്ചത്. ജാമ്യം അനുവദിച്ച നടപടി സ്റ്റേ ചെയ്യണമെന്നായിരുന്നു ഇ ഡി യുടെ പ്രധാന ആവശ്യം.

ഇ ഡിയുടെ അപേക്ഷ പരിഗണിച്ച ഡൽഹി ഹൈക്കോടതി വിചാരണക്കോടതി വിധി താത്കാലികമായി സ്റ്റേ ചെയ്യുകയും ജൂൺ 25-ലേക്ക് മാറ്റിവയ്ക്കുകയായുമായിരുന്നു. ഹൈക്കോടതി വിധിക്കെതിരെ കഴിഞ്ഞ ദിവസം (ജൂൺ 25) സുപ്രീംകോടതിയെ സമീപിച്ചെങ്കിലും രണ്ടംഗ അവധിക്കാല ബെഞ്ച് ഉടൻ വിധി പറയാൻ വിസമ്മതിച്ചു.

ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് അദ്ദേഹത്തെ തീഹാർ ജയിലിൽ കസ്റ്റഡിയിലേക്ക് അയച്ചു. പിന്നീട് ലോക്സഭാ തിരഞ്ഞെടുപ്പ് പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജൂൺ രണ്ടിന് കീഴടങ്ങണമെന്നായിരുന്നു നിർദേശം.

Be the first to comment

Leave a Reply

Your email address will not be published.


*