കാഫിർ പോസ്റ്റർ വിവാദം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കാഫിർ പോസ്റ്റർ വിവാദം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിപക്ഷ നേതാവടക്കമുള്ളവരുടെ ചോദ്യങ്ങളിൽ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ച മുൻ എംഎൽഎ കെ കെ ലതികയെ ന്യായീകരിച്ചുകൊണ്ടായിരുന്നു മന്ത്രി എം ബി രാജേഷ് മറുപടി നൽകിയത്. ഇത് ഭരണപ്രതിപക്ഷ അം​ഗങ്ങൾ തമ്മിലുള്ള വാക്പോരിന് ഇടയാക്കി. കാഫിർ പോസ്റ്റർ വിവാദത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ, പ്രതികൾ ആരെല്ലാം എന്നതാണ് പ്രതിപക്ഷമുയർത്തിയ പ്രധാന ചോദ്യം. എന്നാൽ മന്ത്രി നൽകിയ മറുപടിയിൽ പ്രതിപക്ഷം തൃപ്തരായില്ല. മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യത്തിലാണ് എം ബി രാജേഷ് ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ ഭരണപക്ഷ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

എന്തുകൊണ്ട് കെ കെ ലതികയ്ക്കെതിരെ കേസെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. എന്നാൽ മന്ത്രി കെ കെ ലതികയെ ന്യായീകരിച്ച് രം​ഗത്തെത്തി. ലതികയുടെ പോസ്റ്റ് വർഗീയതക്കെതിരെന്ന് അദ്ദേഹം പറഞ്ഞു. അനുചിതമെന്ന് കണ്ടാൽ പോസ്റ്റ് പിൻവലിക്കുന്നത് വിവേകപൂർണമായ നടപടിയാണ്. നമ്മളെല്ലാവരും അങ്ങനെയല്ലേ ചെയ്യുകയെന്നും ‌കെ കെ ലതികയെ പൂർണമായും ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

വടകരയിലെ വർഗീയ പ്രചരണത്തിൽ രണ്ട് പരാതികൾ ലഭിച്ചിരുന്നുവെന്ന് മന്ത്രി എം ബി രാജേഷ് മറുപടി നൽകി. വർഗീയ പ്രചരണ ഉള്ളടക്കം നീക്കം ചെയ്യാൻ ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്കിനോട് പ്രൊഫൈൽ വിവരങ്ങൾ ചോദിച്ചിട്ടുണ്ട്, അത് ലഭ്യമായാലേ തുടർ നടപടി സാധ്യമാകൂ എന്ന് എം ബി രാജേഷ് മറുപടി നൽകി. എന്നാൽ വ്യാജപ്രചാരണം നടത്തിയത് ആരെന്ന് നാട്ടുകാർക്ക് ബോധ്യമായിട്ടും പോലീസിന് മാത്രം വ്യക്തമായില്ലെന്നും മാത്യു കുഴൽനാടൻ തിരിച്ചടിച്ചു.

വിഷയത്തെ ഗൗരവത്തോടെയാണ് സർക്കാരും പോലീസും കാണുന്നതെന്ന് മന്ത്രി മറുപടി നൽകി. പോലീസ് സമയബന്ധിതമായ നടപടിയാണ് സ്വീകരിച്ചതെന്നും വളരെ ഫലപ്രദമായിട്ടാണ് പോലീസ് ഇടപെട്ടതെന്നും പരാതികൾ അന്വേഷണ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. പോലീസ് ശക്തവും സത്വരവുമായ നടപടി സ്വീകരിച്ചു. പോലീസിന്റെയും സർക്കാരിന്റെയും മിടുക്കുകൊണ്ടാണ് വടകരയിൽ സമാധാനന്തരീക്ഷം സാധ്യമായതെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയും ഭരണപക്ഷ അംഗങ്ങളും ചോദ്യോത്തരവേള ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് ആഞ്ഞടിച്ചു. സ്പീക്കർ അതിന് കൂട്ടുനിൽക്കരുത്. വ്യക്തമായ ചോദ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. അതിന് കേരളത്തിലെ മുഴുവൻ സൈബർ കുറ്റകൃത്യങ്ങളും വിശദീകരിച്ച് വിഷയം വഴി തിരിച്ചു വിടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. അരിയെത്ര എന്ന ചോദ്യത്തിന പയറഞ്ഞാഴി എന്ന മറുപടിയാണ് മന്ത്രി നൽകുന്നതെന്ന് പ്രതിപക്ഷ എംഎൽഎ മാത്യു കുഴൽനാടന്‍ വിമര്‍ശിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*