പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു. പകരം മകൻ കണ്ഠര് ബ്രഹ്മദത്തനാണ് (30) തന്ത്രി സ്ഥാനത്തേക്കെത്തുന്നത്. ആഗസ്റ്റ് 16ന് മേല്‍ശാന്തി നടതുറക്കുന്നത് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിലായിരിക്കും.
എട്ടാം വയസില്‍ ഉപനയനം കഴിഞ്ഞതു മുതല്‍ ബ്രഹ്മദത്തന് പൂജകള്‍ പഠിച്ചുതുടങ്ങിയിരുന്നു. നിയമത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. കോട്ടയം ജില്ല കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. രണ്ടര വർഷം ബെംഗളൂരുവിലെ സ്വകാര്യ കണ്‍സൾറ്റിംഗ് കമ്പനിയില്‍ ജോലി ചെയ്തിരുന്നു.
തുടർന്ന് സ്കോട്ലൻഡില് എല്‍എല്‍എം പഠനത്തിന് ശേഷം തിരിച്ചെത്തി ഹൈദരാബാദിലെ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഒരു വർഷം മുൻപാണ് ജോലി രാജി വെച്ച് താന്ത്രിക കർമങ്ങളിലേക്ക് തിരിഞ്ഞത്. ഓരോ വർഷവും മാറിമാറിയാണ് താഴമണ്‍ മഠത്തിലെ രണ്ട് കുടുംബങ്ങള്‍ക്ക് ശബരിമലയിലെ താന്ത്രികാവകാശം. പരേതനായ കണ്ഠര് മഹേശ്വരരുടെ മകൻ കണ്ഠര് മോഹനരുടെ മകനാണ് നിലവിലെ തന്ത്രിയായ കണ്ഠര് മഹേശ്വര് മോഹനര്.
Be the first to comment