ട്വന്റി20യില്‍ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറായി ഹാര്‍ദ്ദിക് ; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരം

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് വിജയത്തിനു പിന്നാലെ ഉപനായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് മറ്റൊരു സുവര്‍ണനേട്ടം കൂട്ടി. ലോകകപ്പിനു ശേഷം പുറത്തുവിട്ട ഐസിസി ട്വന്റി 20 ക്രിക്കറ്റ് റാങ്കിങ്ങില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഹാര്‍ദ്ദിക് ഒന്നാം സ്ഥാനത്തേക്ക് എത്തി. ശ്രീലങ്കന്‍ താരം വാനിന്ദു ഹസരംഗയാണ് ഹാര്‍ദ്ദിക്കിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്ന മറ്റൊരു താരം.

ടി20യില്‍ ഓള്‍റൗണ്ടര്‍മാരുടെ റാങ്ക് പട്ടികയില്‍ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ഹാര്‍ദ്ദിക്. ലോകകപ്പിന് മുമ്പ് റാങ്ക് പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ താരം. എന്നാല്‍ അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടന്ന ലോകകപ്പില്‍ കാഴ്ചവച്ച മിന്നുന്ന പ്രകടനം രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഒന്നാമതെത്താന്‍ ഹാര്‍ദ്ദിക്കിനെ സഹായിച്ചത്.

ലോകകപ്പില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 48 ശരാശരിയില്‍ 144 റണ്‍സും 7.64 ഇക്കണോമിയില്‍ 11 വിക്കറ്റുകളുമാണ് ഹാര്‍ദ്ദിക് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനലില്‍ നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റുകളും ഹാര്‍ദ്ദിക് നേടി. ബാറ്റിങ്ങില്‍ സൂപ്പര്‍ എട്ടില്‍ ബംഗ്ലാദേശിനെതിരേ 27 പന്തില്‍ നിന്ന് പുറത്താകാതെ 50 റണ്‍സ് നേടിയതാണ് മികച്ച പ്രകടനം.

Be the first to comment

Leave a Reply

Your email address will not be published.


*