വായുവില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും ശുദ്ധജലം ; ഉടന്‍ തന്നെ അമേരിക്കന്‍ വിപണിയിലെത്തും

വായുവില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും നിര്‍മ്മിച്ച വെള്ളം ഉടന്‍ തന്നെ അമേരിക്കന്‍ വിപണിയിലെത്തും. കുടിവെള്ളം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഓഫ് ഗ്രിഡ് രീതി നല്‍കുന്ന, സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഹൈഡ്രോപാനലുകള്‍’ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലൊരു പദ്ധതി. ന്യൂ സയന്റിസ്റ്റ് പറയുന്നതനുസരിച്ച്, സ്‌കൈ ഡബ്ല്യുടിആര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സുസ്ഥിര പരിഹാരം അരിസോണയിലെ സ്‌കോട്ട്‌സ്‌ഡെയ്ല്‍ ആസ്ഥാനമായുള്ള സോഴ്‌സിന്റെ ഒരു ഉല്‍പ്പന്നമാണ്.

ഈ വര്‍ഷം അവസാനം ഇത് യുഎസില്‍ വില്‍പ്പനയ്ക്കെത്തും. ‘അടിസ്ഥാനപരമായി, ഞങ്ങള്‍ വായു വാറ്റിയെടുക്കുകയാണ്, അതിനാല്‍ നിങ്ങള്‍ക്ക് ശുദ്ധവും വാറ്റിയെടുത്തതുമായ വെള്ളം ലഭിക്കും’ കമ്പനി വിശദീകരിച്ചു. ഹൈഡ്രോപാനല്‍ സാങ്കേതികവിദ്യ വികസിപ്പിച്ച അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുമായി ഒരു ദശാബ്ദം മുമ്പ് തുടങ്ങിയ പദ്ധതിയാണിത്. ഈ പാനലുകള്‍ സോളാര്‍ പാനലുകളോട് സാമ്യമുള്ളതാണ്, പക്ഷേ വൈദ്യുതിക്ക് പകരം ശുദ്ധജലം ഉത്പാദിപ്പിക്കുന്നു. സൂര്യപ്രകാശത്താല്‍ പ്രവര്‍ത്തിക്കുന്ന ഈ പാനലുകള്‍ വായുവില്‍ നിന്ന് ജലബാഷ്പം വലിച്ചെടുക്കുന്നു, അത് ഒരു ഹൈഗ്രോസ്‌കോപ്പിക് മെറ്റീരിയല്‍ ആഗിരണം ചെയ്യുന്നു-ഔട്ട്‌ലെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഈ ഈര്‍പ്പം സാന്ദ്രീകൃത വായുവിലേക്ക് വിടാന്‍ സിസ്റ്റം വീണ്ടും സൗരോര്‍ജ്ജം ഉപയോഗിക്കുന്നു, ഇത് പാനലിനുള്ളില്‍ ജലം ഘനീഭവിക്കുന്നത് സാധ്യമാക്കുന്നു. ഓരോ പാനലിനും ഒരു ദിവസം 3 ലിറ്റര്‍ വരെ കുടിവെള്ളം ഉത്പാദിപ്പിക്കാന്‍ കഴിയും. ഉല്‍പ്പാദിപ്പിക്കുന്ന ജലം വളരെ ശുദ്ധവും ധാതുവല്‍ക്കരിക്കപ്പെട്ടതും കുടിക്കാന്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ ഓസോണേറ്റ് ചെയ്തതുമാണ്- ഔട്ട്‌ലെറ്റ് വിശദീകരിച്ചു. 2014-ല്‍ സീറോ മാസ് വാട്ടര്‍ എന്ന പേരില്‍ ആരംഭിച്ച സോഴ്‌സ്, ലോകമെമ്പാടുമുള്ള 56 രാജ്യങ്ങളില്‍ ഇതിനകം ഹൈഡ്രോപാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

പാനലുകള്‍ തറയിൽ നിരകളായോ, കെട്ടിടത്തിന്റെ മേല്‍ക്കൂരകളിലോ കുടിവെള്ള പൈപ്പുകളിലേക്ക് ബന്ധിപ്പിച്ച് സ്ഥാപിക്കാവുന്നതാണ്. ഓരോ ഹൈഡ്രോപാനലിനും 3,000 ഡോളര്‍ വിലയുള്ളതിനാല്‍, അവരുടെ പ്രാഥമിക ഉപഭോക്താക്കള്‍ സര്‍ക്കാരുകളും വികസന ബാങ്കുകളുമാണ്. ജലക്ഷാമമുള്ളതായ സമൂഹങ്ങള്‍ക്ക് കുടിവെള്ളം നല്‍കാന്‍ ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി. കമ്പനി പറയുന്നതനുസരിച്ച്, സ്‌കൈ ഡബ്ല്യുടിആര്‍ അവതരിപ്പിക്കുന്നതിന്റെ ലക്ഷ്യം കുപ്പിവെള്ള വിപണിയില്‍ മത്സരിക്കുക മാത്രമല്ല, ഹൈഡ്രോപാനല്‍ സാങ്കേതികവിദ്യയെക്കുറിച്ച് അവബോധം വളര്‍ത്തുകയും സുസ്ഥിര ജലസ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്.

ഹൈഡ്രോപാനലുകളുടെ ഉയര്‍ന്ന വില നിലവില്‍ വ്യാപകമായ വിൽപ്പനയ്ക്ക് തടസ്സമാണ്. എന്നാല്‍ സമീപഭാവിയില്‍ ഇവയ്ക്ക് വില ഗണ്യമായി കുറയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇത് സുസ്ഥിരവും സ്വയം ഉല്‍പ്പാദിപ്പിക്കുന്നതുമായ കുടിവെള്ള സ്രോതസ്സിനെ സാമ്പത്തികമായി ലാഭകരമാക്കുമെന്നും കരുതപ്പെടുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*