ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ബക്കിങ്ഹാം പാലസിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവിന് രാജിക്കത്ത് നല്‍കി

തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ബക്കിങ്ഹാം പാലസിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവിന് രാജിക്കത്ത് നല്‍കി. ഭാര്യ അക്ഷത മൂര്‍ത്തിയ്‌ക്കൊപ്പമെത്തിയാണ് ഋഷി സുനക് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്ന് ഉടന്‍ തന്നെ ബ്രിട്ടണില്‍ അധികാരക്കൈമാറ്റത്തിന് വഴിയൊരുങ്ങുകയാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ച ലേബര്‍ പാര്‍ട്ടിയുടെ കീര്‍ സ്റ്റാര്‍മറിനെ ഉടന്‍ തന്നെ രാജാവ് വിളിക്കും.

ഹസ്തദാനത്തിനുശേഷം ബ്രിട്ടണിലെ പതിവുരീതിയനുസരിച്ച് രാജാവിനെ വണങ്ങി കീര്‍ സ്റ്റാര്‍മര്‍ അധികാരമേല്‍ക്കും. ഈ ചടങ്ങുകള്‍ക്കുശേഷം ഋഷി സുനക് ഔദ്യോഗിക വസിതി ഒഴിയും. ബ്രിട്ടണ്‍ പൊതു തെരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണത്തെ താഴെയിറക്കിയാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലേറുന്നത്. 650 സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി 370 സീറ്റുകളില്‍ വിജയിച്ചു. 181 സീറ്റുകളാണ് ലേബര്‍ പാര്‍ട്ടി അധികമായി നേടിയത്.

ഋഷി സുനകിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി 90 സീറ്റുകളില്‍ ഒതുങ്ങി. ലിബറല്‍ ഡെമോക്രാറ്റുകള്‍ 51 സീറ്റുകളിലും സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 6 സീറ്റുകളിലും സിന്‍ ഫെയിന്‍ 6 സീറ്റുകളിലും മറ്റുള്ളവര്‍ 21 സീറ്റുകളിലും വിജയിച്ചു. ഭരണ കാലാവധി പൂര്‍ത്തിയാകും മുമ്പ് നടത്തിയ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനും പ്രധാനമന്ത്രിയുമായ ഋഷി സുനക് കനത്ത തിരിച്ചടി നേരിട്ടു. സര്‍ക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നെങ്കിലും സുനക് അപ്രതീക്ഷിതമായി ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*