ഹരാരെ: ഇന്ത്യയുടെ യുവനിര അണിനിരക്കുന്ന സിംബാബ്‌വെ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് ഹരാരെയിലാണ് മത്സരം ആരംഭിക്കുന്നത്. ട്വന്റി 20 ലോകകപ്പില്‍ കപ്പുയര്‍ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ സിംബാബ്‌വെയ്‌ക്കെതിരെ ഇറങ്ങുക.
ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീമില്‍ ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളടങ്ങുന്ന നിരയാണ് അണിനിരക്കുന്നത്. ലോകകപ്പ് ടീമിലുള്ള ആരും പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ പങ്കെടുക്കില്ല. മലയാളി താരം സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്‌വാള്‍, ശിവം ദുബെ എന്നിവര്‍ മൂന്നാം മത്സരം മുതലായിരിക്കും കളത്തിലിറങ്ങുക.
നായകനായി അരങ്ങേറുന്ന ശുഭ്മാന്‍ ഗില്ലിന് നിര്‍ണായകമാണ് ഈ പരമ്പര. ആദ്യ ട്വന്റി 20യ്ക്ക് മുമ്പായി ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് സഖ്യത്തെ പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ ഗില്‍ രംഗത്തെത്തിയിരുന്നു. അഭിഷേക് ശര്‍മ്മ തനിക്കൊപ്പം ഓപ്പണറായി എത്തുമെന്നായിരുന്നു ഗില്ലിന്റെ പ്രഖ്യാപനം. റുതുരാജ് ഗെയ്ക്ക്വാദ് മൂന്നാം നമ്പറില്‍ ക്രീസിലെത്തുമെന്നും ഗില്‍ സ്ഥിരീകരിച്ചു.
ട്വന്റി 20 ലോകകപ്പില്‍ നിന്ന് വ്യത്യസ്തമായി യുവനിരയുടെ ടീമാണ് സിംബാബ്‌വെ പരമ്പരയ്ക്ക് ഒരുങ്ങുന്നത്. താനുള്‍പ്പടെ ഒരുപാട് യുവതാരങ്ങള്‍ ഈ ടീമിലുണ്ട്. ചിലര്‍ കുറച്ച് മത്സരങ്ങള്‍ കളിച്ചു. മറ്റുചിലര്‍ ആദ്യ മത്സരത്തിന് ഇറങ്ങാന്‍ പോകുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് എങ്ങനെയാണെന്ന് പുതിയ താരങ്ങള്‍ക്ക് പറഞ്ഞുകൊടുക്കുകയാണ് ഇന്ത്യന്‍ ടീമിന്റെയും തന്റെയും ലക്ഷ്യമെന്നും ശുഭ്മന്‍ ഗില്‍ വ്യക്തമാക്കി.
അഞ്ച് മത്സരങ്ങളിലായാണ് പരമ്പര. ജൂലൈ 7, 10, 13, 14 തീയതികളിലാണ് പരമ്പരയിലെ മറ്റുമത്സരങ്ങള്‍. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് എല്ലാ മത്സരങ്ങളും നടക്കുക.
Be the first to comment