തൃശൂർ: തൃശൂർ മേയർ എം.കെ. വർഗീസിനെതിരേ സിപിഐ. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം ഉയർത്തിക്കാട്ടിയാണ് സിപിഐ മേയർക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പു സമയത്ത് മേയർ സുരേഷ് ഗോപിയെ പുകഴ്ത്തിയപ്പോൾ ചർച്ച ടെയ്തിരുന്നിട്ടും പിന്നീടും തുടർച്ചയായി മേയർ ഇത് തുടരുന്നുവെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് പറഞ്ഞു.
ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തത്. തൃശൂർ കോർപ്പറേഷനിൽ തെരഞ്ഞെടുപ്പ് വന്നപ്പോ അദ്ദേഹത്തെ പിന്തുണയ്ക്കാനാണ് ഇടതുപക്ഷം തീരുമാനിച്ചത്. അന്നത്തെ ധാരണ അനുസരിച്ചുള്ള കാലാവധി കഴിഞ്ഞിട്ടുണ്ട്.പദവിയിൽ തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഇപ്പോൾ അദ്ദേഹം പദവി ഒഴിഞ്ഞ് ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന മറ്റൊരു മേയർ വരണം എന്നാണ് സിപിഐയുടെ ആവശ്യമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
അതേസമയം, മേയർക്കെതിരായ നിലപാട് സിപിഐയുടെ മാത്രമാണെന്നും മുന്നണിയുടേതല്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പറഞ്ഞു. മുന്നണിയെന്ന നിലയിൽ എൽഡിഎഫിൽ വിഷയം ചർച്ച ചെയ്യുമെന്നും എം.എം. വർഗീസ് വ്യക്തമാക്കി. സിപിഎം പ്രത്യേക അഭിപ്രായം പറയുന്നില്ലെന്നും മേയർ സുരേഷ് ഗോപിയെ പുകഴ്ത്തിയത് രാഷ്ട്രീയപരമായല്ലെന്നും എം.എം. വർഗീസ് പറഞ്ഞു. തൃശൂരിലെ തോൽവി ചെറുതായി കാണുന്നില്ല. അത് ചർച്ചചെയ്യും. എം കെ വർഗീസ് മേയറായി തുടരുമോ എന്നത് എൽഡിഎഫ് ചർച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Be the first to comment