തിരുവനന്തപുരം : തുടർച്ചയായ രണ്ടാം ദിവസവും നിയമസഭയിൽ പിഎസ്സി കോഴ വിവാദത്തിൽ ഭരണ പ്രതിപക്ഷ പോര്. വിഷയത്തിൽ രമേശ് ചെന്നിത്തലയും വിഡി സതീശനും നിയമസഭയിൽ ചോദ്യങ്ങളും വിമർശനങ്ങളും ഉയർത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടിയുമായി രംഗത്തെത്തി. പിഎസ്സി കോഴ ആരോപണം ഗൗരവതരമാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഉൾപ്പെടെ പേര് ഉൾപ്പെട്ട കേസ് പാർട്ടിയുടെ ആഭ്യന്തര കാര്യമല്ലെന്നും വിഡി സതീശൻ സഭയിൽ പറഞ്ഞു.
പിഎസ്സിയെ സംശയ നിരയിൽ നിർത്തുന്ന നടപടിയിൽ പോലീസ് ഇത് വരെ കേസെടുക്കാൻ തയ്യാറായിട്ടില്ലെന്നും സതീശൻ ആരോപിച്ചു. പരാതി കിട്ടിയിട്ട് എന്തുകൊണ്ട് ഫ്രീസറിൽ വെച്ചുവെന്ന് അന്വേഷിക്കണമെന്നും അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്യണമെന്നും സതീശൻ നിയമസഭയിൽ പറഞ്ഞു. സർക്കാർ നയിക്കുന്ന പ്രധാന പാർട്ടി തന്നെ പിഎസ്സിയെ ലേലത്തിൽ വച്ചാൽ മറ്റു ഘടകകക്ഷികളും ലേലത്തിൽ വെക്കില്ലെ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സതീശന് പുറമെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പിഎസ്സി കോഴ വിവാദങ്ങളിൽ നിയമസഭയിൽ ചോദ്യങ്ങളുയർത്തി.
പിഎസ്സി എന്നത് യുവാക്കൾ പ്രതീക്ഷയോടെ കാണുന്ന സ്ഥാപനമാണെന്നും പിഎസ്സിയെ തകർക്കാനുള്ള ശ്രമമാണ് സർക്കാർ എൽഡിഎഫ് സർക്കാർ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ പി എസ് സി രാജ്യത്ത് വളരെ വിശ്വാസ്തതയോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണെന്നും അതിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന പ്രതിപക്ഷ നീക്കം ശരിയല്ലെന്നുമായിരുന്നു പിണറായി വിജയൻറെ മറുപടി. സംഭവത്തിൽ അന്വേഷണം നടന്നുവരുന്നുണ്ടെന്നും കുറ്റം നടന്നിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്സി അംഗത്വം ശരിയാക്കാമെന്ന് സിപിഐഎം ഏരിയാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന യുവ നേതാവ് വാഗ്ദാനം നൽകിയെന്ന പരാതിയാണ് ഉയർന്നു വന്നിരിക്കുന്നത്. 60 ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്നും ആദ്യഘഡുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു. സിപിഐഎം പിഎസ്സി അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ പണം നല്കിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പില്‍ സ്ഥാനം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിര്‍ത്തി. എന്നാല്‍ ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആള് പാര്‍ട്ടിക്ക് പരാതി നല്‍കിയത്.
സാമ്പത്തിക ഇടപാട് വ്യക്തമാക്കുന്ന ശബ്ദസന്ദേശങ്ങളും ഇയാള്‍ പാര്‍ട്ടിക്ക് കൈമാറിയതായാണ് സൂചന. പരാതിയില്‍ സിപിഐഎം സംസ്ഥാന നേതൃത്വം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് മന്ത്രി മുഹമ്മദ് റിയാസും ആവശ്യപ്പെട്ടിരുന്നു.
Be the first to comment