തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്നതായി കെ കെ രമ. പീഡനക്കേസിലെ പൊലീസ് നിലപാട് കേരളത്തെ ലജ്ജിപ്പിക്കുന്നു. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം എന്നു പറയുകയും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയുമാണ്. അതിക്രമക്കേസുകളില്‍ പ്രതികളാകുന്നവരില്‍ കൂടുതലും സിപിഎം പ്രവര്‍ത്തകരും ഇടത് അനുഭാവികളുമാണെന്ന് രമ പറഞ്ഞു. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു അവര്‍.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നത് വളരെ ഗൗരവമുള്ള വിഷയമാണ്. ഇതില്‍ പൊലീസ് നടപടി കൂടി ഉള്ളതിനാല്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നിയമസഭയില്‍ ഹാജരായില്ല. ഇത് ഈ വിഷയത്തെ സര്‍ക്കാര്‍ എത്ര ലാഘവത്തോടെയാണ് കാണുന്നത് എന്നതിന് തെളിവാണെന്ന് കെകെ രമ അഭിപ്രായപ്പെട്ടു. 2022 ല്‍ 18943 കേസുകളായിരുന്നെങ്കില്‍, 2023 ആയപ്പോള്‍ 18950 കേസുകളായി സ്ത്രീകള്‍ക്ക് നേരെ മാത്രമുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു.
അരൂരില്‍ ദലിത് പെണ്‍കുട്ടിക്ക് നേരെ നടുറോഡില്‍ വെച്ച് അതിക്രമമുണ്ടായി. ആ പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചഴിട്ട് നടുറോഡിലിട്ട് നാഭിക്ക് ചവിട്ടി. അത്ര ക്രൂരമായ നടപടിയുണ്ടായിട്ടും നടപടിയില്ല. കാരണം ആ പ്രതികള്‍ സിപിഎമ്മുകാരാണ് എന്നതാണ് കാരണം. ആ പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്. പ്രതികള്‍ സിപിഎമ്മുകാരാണെങ്കില്‍ അവര്‍ക്ക് കുടപിടിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നതെന്ന് കെ കെ രമ ആരോപിച്ചു. കുസാറ്റില്‍ സിന്‍ഡിക്കേറ്റ് അംഗമായ ഇടത് നേതാവായ പി ജെ ബേബി കലോത്സവ സമയത്ത് പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടത്തി. അയാള്‍ക്കെതിരെ എന്തു നടപടിയാണുണ്ടായത്. നാണിപ്പിക്കുന്നതാണ് കേരളത്തിലെ ഇത്തരം വിഷയങ്ങളെന്ന് കെ കെ രമ പറഞ്ഞു.
കാലടി ശ്രീശങ്കര കോളജിലെ മുന്‍ എസ്എഫ്‌ഐ നേതാവായ രോഹിത് പെണ്‍കുട്ടികളുടെ അശ്ലീല ചിത്രം എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. 20 ഓളം പെണ്‍കുട്ടികളുടെ ചിത്രമാണ് വൈകൃതമായ മനസ്സിനുടമയായ ഇയാള്‍ ഇത്തരത്തിൽ പ്രചരിപ്പിച്ചത്. പരാതി നല്‍കിയിട്ടും ആ പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയാണ് ചെയ്തത്. ക്രിക്കറ്റ് അസോസിയേഷനിലെ ഒരു മുന്‍ കോച്ച് പഠിക്കാനായി എത്തിയ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നു. ആ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ എടുക്കുന്നു. അഖിലേന്ത്യാ ഗുസ്തി ഫെഡറേഷനിലെ മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണേക്കാള്‍ വെല്ലുന്ന കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ഇയാള്‍ക്കെതിരെ പോക്‌സോ കേസുണ്ടായിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാതിരുന്നതെന്ന് കെ കെ രമ ചോദിച്ചു.
ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലാണ് ഇത് നടക്കുന്നത്. നമ്പര്‍ വണ്‍ കേരളത്തിലാണ് ഇതെല്ലാം അരങ്ങേറുന്നത്. ഒരു കാലത്ത് എസ്എഫ്‌ഐക്കാരിയായിരുന്നു ഞാനും. അത് അഭിമാനത്തോടെ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ക്ക് നാളെ ഞാനും എസ്എഫ്‌ഐക്കാരാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന സാഹചര്യമാണോ ഉള്ളതെന്ന് രമ ചോദിച്ചു.
വണ്ടിപ്പെരിയാറിലും വാളയാറിലും ആറു വർഷമായി അമ്മമാര്‍ നീതി തേടി നടക്കുകയാണ്. ആ കുട്ടികള്‍ക്ക് നീതി വാങ്ങി കൊടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞോയെന്ന് രമ ചോദിച്ചു. നടിയെ ആക്രമിച്ച കേസില്‍ മെമ്മറികാര്‍ഡും അതിന്റെ വിവരങ്ങളും പുറത്തു പോയി. ആ പെണ്‍കുട്ടിയുടെ ഇച്ഛാശക്തി കൊണ്ടു മാത്രമാണ് ആ കേസ് ഇപ്പോഴും മുന്നോട്ടു പോകുന്നത്. സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ട് നാലു വര്‍ഷമായിട്ടും ഇതുവരെ പ്രസിദ്ധപ്പെടുത്തുവാന്‍ പോലും കഴിഞ്ഞില്ലെന്നും കെ കെ രമ പറഞ്ഞു.
Be the first to comment