പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്കി കോണ്‍ഗ്രസ്. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരെ ലോക്സഭയില്‍ നടത്തിയ പരാമര്‍ശത്തിലാണ് നോട്ടീസ്. എഐസിസി ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ ജയ്റാം രമേശാണ് മോദിക്കെതിരെ അവകാശനലംഘനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍ക്ക് കത്ത് നല്‍കിയത്.
2014ല്‍ ബിജെപി അധികാരത്തിലിരുന്നപ്പോള്‍ രാജ്യസഭ അധ്യക്ഷന്‍ പ്രതിപക്ഷത്തോടായിരുന്നു ചായ്വ് എന്നായിരുന്നു മോദിയുടെ പരാമര്‍ശം. ഹമീദ് അന്‍സാരിയുടെ അഭാവത്തില്‍ നടത്തിയ പരാമര്‍ശം അദ്ദേഹത്തെയും രാജ്യസഭയെയും അവഹേളിക്കുന്നതിന് തുല്യമാണെന്ന് ജയ്റാം രമേശ് ഉപരാഷ്ട്രപതിക്ക് നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടി. മോദിഎല്ലാ പാര്‍ലമെന്ററി മാനദണ്ഡങ്ങളും ലംഘിച്ചെന്നും അദ്ദേഹം വഹിക്കുന്ന ഓഫീസിന്റെ അന്തസിന് കളങ്കം വരുത്തിയെന്നും അതിനാല്‍ അവകാശലംഘനത്തിനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ തയാറാകണമെന്നും ജയ്റാം രമേശ് കത്തില്‍ ആവശ്യപ്പെട്ടു.
നേരത്തെ രാഹുല്‍ ഗാന്ധിയുടേതടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കിയിരുന്നു. ഹിന്ദു, അഗ്നിവീര്‍ പരാമര്‍ശങ്ങളാണ് നീക്കിയത്. ഇതില്‍ പ്രതിപക്ഷത്തിന് അമര്‍ഷമുണ്ടായിരുന്നു. ഹിന്ദുക്കള്‍ എന്ന് സ്വയം അവകാശപ്പെടുന്ന പലരും തുടര്‍ച്ചയായി കള്ളങ്ങള്‍ പറയുകയും അഹിംസയുടെയും അക്രമത്തിന്റെയും മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതിനെതിരെ രാഹുല്‍ ഹിന്ദുക്കളെ അപമാനിച്ചുവെന്ന മറുപടി നരേന്ദ്രമോദി നല്‍കിയിരുന്നു. രാഹുലിന്റെ പരാമര്‍ശം പരിശോധിക്കണമെന്ന് ആഭ്യന്തരമന്ത്രിയും പാര്‍ലമെന്ററി കാര്യ മന്ത്രിയുമടക്കം സ്പീക്കറോട് പിന്നീട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സഭാരേഖകളില്‍നിന്ന് പരാമര്‍ശം നീക്കിയത്.
Be the first to comment