കോഴിക്കോട്: തെറ്റായ ഒരു പ്രവണതയും ജില്ലാ കമ്മിറ്റിയോ സംസ്ഥാന കമ്മിറ്റിയോ അംഗീകരിക്കില്ലെന്ന് എംവി ഗോവിന്ദൻ. പിഎസ്സി അംഗത്വ കേഴ വിവാദത്തെ കുറിച്ച് മാവൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ ഉണ്ടായ പ്രചാരണങ്ങളെല്ലാം മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
തെറ്റായ ഏത് നിലപാടിനെയും പാർട്ടി ഫലപ്രദമായ പ്രവർത്തനത്തിലൂടെ നിയന്ത്രിക്കും. കോഴിക്കോട് ഉണ്ടായ സംഭവത്തിൽ തെറ്റായ നിലപാട് ഉണ്ടോ എന്ന കാര്യം അറിയില്ല. അത് പാർട്ടി പരിശോധിച്ച് കണ്ടെത്തുമെന്നും ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.
വെറുതെ ഒരു കടലാസിൽ എന്തെങ്കിലും എഴുതി പാർട്ടിക്ക് അയച്ചിട്ടുണ്ടെങ്കിൽ അതും പാര്‍ട്ടി പരിശോധിക്കും. മന്ത്രി റിയാസിന് പാർട്ടിക്ക് പ്രത്യേകമായി ഒരു പരാതി നൽകേണ്ട ആവശ്യവുമില്ല. സംസ്ഥാന കമ്മിറ്റി എന്ന് പറഞ്ഞാൽ റിയാസ് ഉൾപ്പെടുന്ന കമ്മറ്റിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു പരാതി കിട്ടിയാൽ അത് പരിശോധിച്ച് വ്യക്തത വരുത്തുന്ന പാർട്ടിയാണ് സിപിഎം. എന്നാല്‍ ജില്ലയിൽ ഉണ്ടായ ഇത്തരത്തിൽ ഒരു സംഭവത്തിൽ സംസ്ഥാന കമ്മിറ്റി പരിശോധിക്കേണ്ട യാതൊരു കാര്യവുമില്ല. ഇക്കാര്യം കോഴിക്കോട് ജില്ലാ കമ്മിറ്റി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും ഗോവിന്ദൻ സൂചിപ്പിച്ചു.
Be the first to comment