നീറ്റ് പരീക്ഷ വിവാദം സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്

നീറ്റ് പരീക്ഷ വിവാദത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്. പുനഃപരീക്ഷ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് തീരുമാനം എടുക്കും. ഹര്‍ജിയിന്മേല്‍ കേന്ദ്രവും എന്‍ടിഎയും ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അതേസമയം എന്‍ടിഎയെ പ്രതിസ്ഥാനത്ത് നിര്‍ത്തികൊണ്ടുള്ള സിബിഐ യുടെ റിപ്പോര്‍ട്ട് പുറത്ത് വന്നു.

നീറ്റ് പരീക്ഷാഫലത്തില്‍ അസ്വാഭാവികത ഇല്ലെന്ന് കേന്ദ്രവും ടെലഗ്രാമില്‍ പ്രചരിച്ച ചോദ്യപേപ്പര്‍ ദൃശ്യങ്ങള്‍ വ്യാജമെന്ന് എന്‍ടിഎയും സുപ്രീംകോടതിയെ അറിയിച്ചു. പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ലെന്നും പരീക്ഷ ഫലം റദ്ദാക്കേണ്ടത് ഇല്ലെന്നും എന്‍ടിഎ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പാട്‌ന, ഗ്രോധ എന്നിവിടങ്ങളില്‍ ഒതുകുന്ന ക്രമക്കേടുകള്‍ മാത്രമാണ് നടന്നത്. തെറ്റായ കാര്യങ്ങള്‍ ചില വിദ്യാര്‍ത്ഥികള്‍ നടത്തിയതായി കണ്ടെത്തിയത് ചിലയിടങ്ങളില്‍ മാത്രമാണ്.

ഇത് പൂര്‍ണ്ണമായി പരീക്ഷ നടപടികളെ ബാധിക്കുന്നില്ലെന്നും എന്‍ടിഎ പറയുന്നു. റാങ്ക് ലിസ്റ്റിലും മാര്‍ക്ക് നല്‍കിയതിലും അപകാതയില്ലെന്നും ഗ്രേസ് മാര്‍ക്ക് പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും എന്‍ടിഎ കോടതിയെ അറിയിച്ചു. അന്വേഷണത്തെ സംബന്ധിച്ച് സിബിഐയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നാണ് വിവരം.  എന്നാല്‍ പരീക്ഷയുടെ പവിത്രതയ്‌ക്കേറ്റ കളങ്കം മറികടക്കാന്‍ ആകുന്നില്ലെങ്കില്‍ പുനഃപരീക്ഷ നടത്താം എന്ന നിലപാടിലാണ് സുപ്രീംകോടതി.  അതേസമയം എന്‍ടിഎയുടെ അന്വേഷണത്തെ ചോദ്യം ചെയ്ത്   നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി  സിബിഐ രംഗത്തെത്തി.

ചോദ്യപേപ്പര്‍ ചോര്‍ത്തിയത് പരീക്ഷക്ക് വേണ്ടി ജാര്‍ഖണ്ഡിലെ സ്‌കൂളിലേക്ക് കൊണ്ടു പോകും വഴിയാണെന്നാണ് സിബിഐയുടെ  കണ്ടെത്തല്‍. ചോര്‍ത്തിയ പരീക്ഷാ പേപ്പറുകള്‍ 50 ലക്ഷം വരെ വാങ്ങി ബീഹാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചു. പരീക്ഷാ പേപ്പര്‍ ചോര്‍ന്ന വിഷയം വ്യക്തമായിരുന്നിട്ടും, സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം സമയത്ത് എന്‍ടിഎയെ അറിയിച്ചില്ല. വിവരം അറിഞ്ഞ ശേഷം എന്‍ടിഎയും തെളിവുകള്‍ മറച്ചു വച്ചെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് സിബിഐയുടേത്.

Be the first to comment

Leave a Reply

Your email address will not be published.


*