പ്രാവുകളുടെ തൂവലും കാഷ്ഠവും സൃഷ്ടിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നം; ചുമയില്‍ തുടങ്ങുന്ന രോഗം പെട്ടെന്ന് വഷളാകാം

ലവ് ബേര്‍ഡ്‌സിനായും പ്രാവ്, തത്ത പോലുള്ള പക്ഷികള്‍ക്കായും വീട്ടിലൊരിടം ഒരുക്കുന്നവരുണ്ട്. എന്നാല്‍ ഇതിനു പിന്നില്‍ പതിയിരിക്കുന്ന അപകടം പലരും തിരിച്ചറിയുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. പ്രാവുകളുടെ കാഷ്ഠവും തൂവലും സൃഷ്ടിക്കുന്ന അപകസാധ്യതകളെക്കുറിച്ച് ഒരു പഠനം വിശദീകരിക്കുന്നു.

പ്രാവിന്‌റെ തൂവലുകളും കാഷ്ഠങ്ങളുമായി ദീര്‍ഘകാലം സമ്പര്‍ക്കം പുലര്‍ത്തിയ ശേഷം മാരകമായ അലര്‍ജി ബാധിച്ച കിഴക്കന്‍ ഡല്‍ഹിയിലെ 11 വയസുകാരനാണ് പഠനത്തിനാധാരമായത്. സര്‍ ഗംഗ രാം ഹോസ്പിറ്റലിലായിരുന്നു കുട്ടിയെ ചികിത്സിച്ചത്.

ചുമയുമായാണ് കുട്ടി ആശുപത്രിയില്‍ എത്തുന്നത്. എന്നാല്‍ പതിയെ ശ്വസനപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ് അവന്‌റെ അവസ്ഥ മോശമാകുകയായിരുന്നു. ഹൈപ്പര്‍സെന്‍സിറ്റിവിറ്റി ന്യുമോണൈറ്റിസ്(എച്ച് പി)ആണ് കുട്ടിയെ ബാധിച്ചിരിക്കുന്നതെന്ന് പരിശോധനയില്‍ തിരിച്ചറിഞ്ഞു. ഇത് പ്രാവുകളുടെ പ്രോട്ടീനുകളോടുള്ള അലര്‍ജി പ്രതികരണം കാരണമുണ്ടാകുന്ന അവസ്ഥയാണ്. വളരെ പെട്ടെന്ന് ചികിത്സ തേടേണ്ട രോഗാവസ്ഥയാണിതെന്ന് പീഡിയാട്രിക് ഇന്‌റെന്‍സീവ് കെയര്‍ യൂണിറ്റ് കോ ഡയറക്ടര്‍ ഡോ. ധിരന്‍ ഗുപ്ത പറയുന്നു. വൈദ്യപരിശോധനയില്‍ എച്ച് പിയുമായി ബന്ധപ്പെട്ടുള്ള ശ്വാസകോശ വീക്കവും ഒപാസിറ്റീസും കണ്ടെത്തി. നെഞ്ചിലെ റേഡിയോഗ്രാഫില്‍ വെളുത്തതായി കാണപ്പെടുന്ന പ്രദേശങ്ങളാണ് ഒപാസിറ്റീസ്. അണുബാധയില്‍ ഇവ കറുത്തതായി മാറുന്നു.

എച്ച് പി വിട്ടുമാറാത്ത ഒരു ഇന്‌റസ്റ്റൈനല്‍ ശ്വസാകോശ രോഗമാണ്. ഇത് അവയവങ്ങളെ മുറിവേല്‍പ്പിക്കുന്നു. ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഈ അവസ്ഥ മുതിര്‍ന്നവരില്‍ സാധാരണമാണെങ്കിലും കുട്ടികളില്‍ വളരെ അപൂര്‍വമാണ്. ഒരു വര്‍ഷം ഒരു ലക്ഷം പേരില്‍ രണ്ട് മുതല്‍ നാല് പേരെ മാത്രമാണ് ബാധിക്കുന്നത്.

ആണ്‍കുട്ടിക്ക് സ്റ്റിറോയ്ഡ് ചികിത്സ നല്‍കുകയും ശ്വസന സഹായത്തിനായി മൂക്കില്‍ ഘടിപ്പിച്ച ട്യൂബ് വഴി ശരീരത്തില്‍ വാതകം കടത്തിവിട്ടുള്ള ഓക്‌സിജന്‍ തെറാപ്പിയും നല്‍കി. ഇതുവഴി ശ്വാസകോശത്തിലെ നീര്‍വീക്കം കുറയ്ക്കാനും ശ്വസനം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കാനും സാധിച്ചതായി ഈ കേസ് സ്റ്റഡി ആസ്പദമാക്കി ഡോക്ടര്‍ പറയുന്നു.

പക്ഷി അലര്‍ജികള്‍, പൂപ്പല്‍ പോലുള്ള ചില പാരിസ്ഥിതിക പദാര്‍ഥങ്ങളുമായുള്ള ആവര്‍ത്തിച്ചുള്ള സമ്പര്‍ക്കത്തോടുള്ള പ്രതികരണമായി രോഗപ്രതിരോധ സംവിധാനത്തിലൂടെ ഉണ്ടാകുന്ന നീര്‍വീക്കത്തിന്‌റെ ഫലമാണ് എച്ച് പി. സെക്കന്‍ഡ് ഹാന്‍ഡ് ഇ സിഗരറ്റുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും രോഗകാരണമാകുന്നുണ്ട്.

പൂപ്പല്‍ നിറഞ്ഞ പുല്ല്, ധാന്യപ്പൊടി, പക്ഷികാഷ്ഠം എന്നിവയുമായി സമ്പര്‍ക്കത്തില്‍ വരുന്ന കാര്‍ഷിക തൊളിലാളികളിലാണ് എച്ച് പി സാധാരണ കാണാറുള്ളത്. ഈ ജൈവവസ്തുക്കളിലെ പ്രത്യേക ആന്‌റിജനുകളുടെ സാന്നിധ്യം ശ്വാസകോശത്തിലെ രോഗപ്രതിരോധ പ്രതികരണത്തെ ഉത്തേജിപ്പിക്കുന്നു. ഹ്യുമിഡിഫയറുകള്‍, എയര്‍ കണ്ടീഷനറുകള്‍, നനഞ്ഞ കെട്ടിടങ്ങള്‍ പോലെയുള്ള ഇന്‍ഡോര്‍ പരിതസ്ഥിതിയില്‍ കാണപ്പെടുന്ന പൂപ്പല്‍ എച്ച്പി സാധ്യത കൂട്ടുന്നു. ആസ്‌പെര്‍ഗില്ലസ് പോലുള്ള ചില പൂപ്പലുകള്‍ ഹൈപ്പര്‍സെന്‍സിറ്റിവിറ്റി പ്രതികരണങ്ങള്‍ക്ക് കാരണമാകുന്നു.

വ്യവസായത്തില്‍ ഉപയോഗിക്കുന്ന ഐസോസയനേറ്റ് പോലുള്ള ചില രാസവസ്തുക്കള്‍ എച്ച്പി സാധ്യത വര്‍ധിപ്പിക്കുന്നു. പെയിന്‌റ്, വാര്‍ണിഷ്, ഇന്‍സലേഷന്‍ മെറ്റീരിയലുകള്‍ തുടങ്ങിയവയില്‍ ഇത്തരം രാസവസ്തുക്കള്‍ കാണപ്പെടുന്നു. കൃഷി, പൗള്‍ട്രി തുടങ്ങി അനിമല്‍ പ്രോട്ടീനുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന തൊഴിലുകള്‍ എച്ച്പിക്ക് കാരണമാകുന്നുണ്ട്. തൂവലുകള്‍, ഉണങ്ങിയ മൃഗപ്രോട്ടീനുകള്‍, കാഷ്ഠം, തൂവലുകള്‍, മുടി തുടങ്ങിയവയയില്‍നിന്നുള്ള ആന്‌റിജനുമായുള്ള സമ്പര്‍ക്കം ഇതില്‍ പെടുന്നു.രോഗത്തെ പ്രതിരോധിക്കാന്‍ വീടുകളില്‍ പ്രാവുകളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കണം. പ്രാവുകളുടെ കാഷ്ഠം, തൂവലുകള്‍ എന്നിവ പതിക്കുന്ന പ്രതലങ്ങല്‍ സ്ഥിരമായി വൃത്തിയാക്കണം. അലര്‍ജി പ്രശ്‌നങ്ങളുള്ളവര്‍ വീടിനുള്ളിലും മാസ്‌ക് ധരിക്കണം.

Be the first to comment

Leave a Reply

Your email address will not be published.


*