ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നെങ്കിൽ സന്തോഷിച്ചേനെയെന്ന് എം വിൻസന്റ്; സതീശനെ ക്ഷണിക്കാത്തതിലും വിമർശനം

തിരുവനന്തപുരം: സർക്കാറുകളുടെ തുടർച്ചയാണ് വിഴിഞ്ഞം തുറമുഖമെന്ന് ട്രയൽ റൺ ഉദ്ഘാടന വേദിയിൽ എം വിൻസെൻ്റ് എംഎൽഎ. ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ സ്മരിച്ചാണ് വിൻസെന്റ് എംഎൽഎ പ്രസംഗിച്ചത്. തുറമുഖത്തിൻ്റെ പേരിൽ ഉമ്മൻ ചാണ്ടി പഴി കേൾക്കേണ്ടിവന്നു. ഇന്ന് ഉമ്മൻ ചാണ്ടി ജീവിച്ചിരിന്നെങ്കിൽ സന്തോഷിക്കുമായിരുന്നുവെന്നും വിൻസന്റ് പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് ചൂണ്ടിക്കാട്ടിയ വിൻസന്റ്, ചടങ്ങിൽ വി ഡി സതീശൻ ഉണ്ടാകണമായിരുന്നുവെന്നും പറഞ്ഞു.

ഉദ്ഘാടന പ്രസംഗത്തിൽ ഉമ്മൻചാണ്ടി സർക്കാരിനെതിരെ നടത്തിയ വിഴിഞ്ഞം സമരത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി സംസാരിച്ചതിന് ശേഷമായിരുന്നു വിൻസന്റ് എംഎൽഎയുടെ പ്രസംഗം. ഇതിന് മുമ്പ് സംസാരിച്ച തുറമുഖ മന്ത്രി വി എൻ വാസവനും ചീഫ് സെക്രട്ടറി വി വേണുവും വിഴിഞ്ഞം പദ്ധതി നിർമ്മാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇച്ഛാശക്തിയാണ് വിഴിഞ്ഞത്തിൻ്റെ വിജയമെന്നാണ് ഇരുവരും ചടങ്ങിൽ പറഞ്ഞത്.

എന്നാൽ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതിന്റെ കാരണം ഉമ്മൻചാണ്ടിയാണെന്നും തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടണമെന്നുമാണ് കോൺ​ഗ്രസ് ആവശ്യപ്പെടുന്നത്. യുഡിഎഫിന്റെ കുഞ്ഞാണ് വിഴിഞ്ഞം തുറമുഖമെന്ന് വി ഡി സതീശൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പദ്ധതി യാഥാർത്ഥ്യമാക്കിയത് ഉമ്മൻ ചാണ്ടിയാണ്. അന്ന് പദ്ധതിയെ 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് അഴിമതിയെന്ന് പറഞ്ഞയാളാണ് പിണറായി വിജയൻ. കടൾക്കൊള്ളയെന്നാണ് സിപിഐഎം മുഖപത്രം വിശേഷിപ്പിച്ചത്. ഓർമ്മകളെ ആട്ടിപ്പായിക്കുന്നവരും മറവി അനുഗ്രഹമാക്കിയവരും ഉണ്ടെന്നും വി ഡി സതീശൻ പരിഹസിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*