ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന എല്‍സിഎ മാർക്ക് 1എ യുദ്ധവിമാനം ഓഗസ്റ്റ് 15-നുള്ളില്‍ ഇന്ത്യൻ എയർഫോഴ്സിന് കൈമാറുമെന്ന് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്. യുദ്ധ വിമാനം കൈമാറുന്നതിലുള്ള കാലതാമസം ചര്‍ച്ചയായതിനിടയിലാണ് ഈ വര്‍ഷം തന്നെ വിമാനം കൈമാറുമെന്ന് കമ്പനി അറിയിച്ചത്.
ഈ വർഷം സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളിലായി GE-404 എഞ്ചിനുകളുടെ വിതരണം ആരംഭിക്കുമെന്ന് അമേരിക്കൻ എഞ്ചിൻ നിർമ്മാതാക്കളായ GE ഉറപ്പുനൽകിയതിനാലാണ് ഡെലിവറി ഷെഡ്യൂളിലെ കാലതാമസം പരിഹരിക്കപ്പെടുന്നതെന്ന് കമ്പനി വ്യക്തമാക്കി.
സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഈ പ്രശ്നങ്ങൾ പരിഹരിക്കുകയാണെന്നും ഈ വർഷം ഓഗസ്റ്റ് 15 ന് മുമ്പ് ആദ്യത്തെ വിമാനം എത്തിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും പ്രതിരോധ വൃത്തങ്ങൾ വാര്‍ത്ത പറഞ്ഞു.
ഈ വർഷം ഫെബ്രുവരി-മാർച്ച് സമയപരിധിക്കുള്ളിൽ വിമാനം ഐഎഎഫിന് കൈമാറാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത് എന്നാല്‍ ഇത് നീണ്ടുപോവുകയായിരുന്നു. വ്യോമസേനാ മേധാവി ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥർ പദ്ധതിയുടെ പുരോഗതി നിരീക്ഷിച്ച് വരികയാണ്.
എയർ സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് അടുത്തിടെ എച്ച്എഎൽ ഹാങ്ങറുകൾ സന്ദർശിച്ച് അവലോകനം നടത്തിയിരുന്നു. രണ്ട് മാസങ്ങൾക്ക് മുമ്പ് എച്ച്എഎൽ യുദ്ധവിമാനത്തിന്റെ ആദ്യ പറക്കൽ നടത്തിയിരുന്നു. സൈനിക മേഖലയിൽ സ്വാശ്രയത്വം കൈവരിക്കുന്നതിന്റെ സുപ്രധാന ചുവടുവെപ്പായ ഈ പദ്ധതിയുടെ ചടങ്ങിലേക്ക് പ്രധാനമന്ത്രിയേയും ക്ഷണിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
83 എൽസിഎ മാർക്ക് 1എ വിമാനങ്ങൾക്കായി 48,000 കോടി രൂപയുടെ ഓർഡർ ഇതിനോടകം നൽകിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷാവസാനത്തോടെ 97 വിമാനങ്ങൾക്കായി 65,000 കോടി രൂപയുടെ മറ്റൊരു ഓർഡർ നൽകാനാണ് സേന പദ്ധതിയിടുന്നത്.
തദ്ദേശീയ സൈനിക ഹാർഡ്വെയറിനായി ഇന്ത്യൻ സർക്കാർ ഇതുവരെ നൽകിയിട്ടുള്ള ഏറ്റവും വലിയ ഓർഡറാണ് എൽസിഎ മാർക്ക് 1എ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് (എച്ച്എഎൽ) നല്കിയ ടെൻഡർ. മിഗ്-21, മിഗ്-23, മിഗ്-27 എന്നീ യുദ്ധ വിമാനങ്ങള്‍ക്ക് പകരം വെക്കാനായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരുക്കുന്നത്.
Be the first to comment