ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; ക്രമക്കേടുകളില്‍ സര്‍ക്കാര്‍ നടപടിവേണം

കൊച്ചി:  ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ഫണ്ട് വകമാറ്റി ചിലവഴിച്ചതിലും  സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ ക്രമക്കേടുകളിലും സര്‍ക്കാര്‍ അടിയന്തര തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ  വിതരണത്തിലും കൈകാര്യം ചെയ്യുന്നതിലും   കുറ്റകരമായ അനാസ്ഥയും നിരുത്തരവാദിത്വപരമായ സമീപനവും പുലര്‍ത്തിയെന്ന സി എ ജി  റിപ്പോര്‍ട്ട് ഏറെ ഗൗരവമേറിയതാണെന്നും ജാഗ്രത കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

പ്രീ, പോസ്റ്റ് – മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിലും നടപടിക്രമങ്ങള്‍ പാലിക്കുന്നതിലും   വിതരണം ചെയ്യുന്നതിലും കുറ്റകരമായ അനാസ്ഥ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതല്‍ പൊതു, ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ വരെ സ്വീകരിചെന്നാണ്  സി എ ജി  റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കി.ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ തുടര്‍ നടപടികള്‍ക്ക് വിധേയമാക്കാത്തതും, ഒരേ കുടുംബത്തിലെ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാനിടയായതും, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ഒരേ വിദ്യാര്‍ത്ഥിക്ക് തന്നെ ലഭിക്കുന്നതും, പെണ്‍കുട്ടികള്‍ക്കായുള്ള സി എച്ച് മുഹമ്മദ്‌കോയ സ്‌കോളര്‍ഷിപ്പ് ആണ്‍കുട്ടികള്‍ക്ക് ലഭിക്കാനിടയായതും ഗുരുതരമായ വീഴ്ചകളാണ്. 

ന്യൂനപക്ഷ  സ്‌കോളര്‍ഷിപ്പുകള്‍ക്കായുള്ള ഫണ്ട് പൊതു വിദ്യാഭ്യാസ വകുപ്പ് വകമാറ്റി ചെലവഴിച്ചെന്നുള്ള കണ്ടെത്തലും ഗുരുതരമാണ്.  വാഹനങ്ങള്‍ വാങ്ങുന്നതിനും, വാഹനങ്ങള്‍ക്ക് വാടക നല്‍കുന്നതിനും, അലവന്‍സുകള്‍ നല്‍കുന്നതിനും മറ്റുമായി  ന്യൂനപക്ഷ ഫണ്ട് ദുരുപയോഗം ചെയ്ത അതേ കാലയളവില്‍, ഫണ്ടില്ല എന്ന കാരണം പറഞ്ഞ് അര്‍ഹിക്കുന്ന അപേക്ഷകര്‍ക്ക് പോലും സ്‌കോളര്‍ഷിപ്പുകള്‍ നിഷേധിക്കുന്ന അവസ്ഥയുണ്ടായിരുന്നു.  ഭരണഘടനാനുസൃതമായി അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പൗരന്‍മാര്‍ക്ക് ഉറപ്പുവരുത്തുന്നതില്‍ സംഭവിക്കുന്ന വീഴ്ച അത്യന്തം ഗുരുതരവും കുറ്റകരവുമാണ്. 

ഇക്കാര്യത്തില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം, സേവനങ്ങളില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണം. സ്‌കോളര്‍ഷിപ്പുകളുടെ ക്രിയാത്മകവും നിയമാനുസൃതവും സുതാര്യവുമായ നടത്തിപ്പിനായി സി എ ജി  നല്‍കിയിട്ടുള്ള ശിപാര്‍ശകളില്‍  അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും കെസിബിസി ജാഗ്രത കമ്മിഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍  ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*