ജോയിയെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് സർക്കാർ; തെരച്ചിൽ കൂടുതൽ ഭാഗത്തേക്ക്

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ കാണാതായ ജോയിക്കായി രക്ഷാദൗത്യം എല്ലാ വകുപ്പും ചേർന്ന് നടത്തുന്നുണ്ടെന്ന് മന്ത്രി വി ശിവൻ കുട്ടി. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്ന് കൂടുതൽ സ്കൂബ ടീം എത്തും. ഫയർ ഫോഴ്സ് കൺട്രോൾ റൂം ആരംഭിക്കും. സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മാലിന്യം റെയിൽവേ കൈകാര്യം ചെയ്യുന്നതടക്കം സർക്കാർ പരിശോധിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു. ജോയിക്കായി കൂടുതൽ ഭാഗത്തേക്ക് തെരച്ചിൽ നടത്താൻ തീരുമാനമായി. പ്ലാറ്റ്ഫോം നമ്പർ മൂന്ന് മുതൽ അഞ്ച് വരെ തെരച്ചിൽ നടത്തും. ഫയർ ഫോഴ്സ് സ്‌കൂബ സംഘം ഈ ഭാഗത്തേക്ക് തിരിച്ചിട്ടുണ്ട്. നേരത്തെ പ്ലാറ്റ്ഫോം നമ്പർ മൂന്ന് മുതൽ ഒന്ന് വരെ പരിശോധന നടത്തിയിരുന്നു.

ആമയിഴഞ്ചാൻ തോടിലുണ്ടായ അപകടം അതിദാരുണമായ സംഭവമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു. തോടിന്‍റെ നവീകരണത്തിന് റെയിൽവേയ്ക്കും കോർപ്പറേഷനും ഇറിഗേഷൻ വകുപ്പിനും കൂട്ടത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തോടിന്റെ താഴ്ന്ന ഭാഗങ്ങളിൽ മേജർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 25 കോടിയുടെ നവീകരണ പദ്ധതിയാണ് വിഭാവനം ചെയ്തത്. റെയിൽവേയുടെ കൂടി പൂർണ്ണ സഹകരണം ഉണ്ടെങ്കിൽ മാത്രമേ പൂർണ്ണമായും തോട് നവീകരിക്കാൻ കഴിയൂവെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേര്‍ത്തു.

അതേസമയം, റെയിൽവേ സ്റ്റേഷനിലൂടെ പോകുന്ന തോടിൻ്റെ സ്കെച്ചില്ലെന്ന് തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറി റിപ്പോർട്ടറിനോട് പറഞ്ഞു. തോട് അവസാനമായി വൃത്തിയാക്കിയത് അഞ്ച് വർഷം മുമ്പാണ്. റെയിൽവേയുടെ പ്ലാറ്റ്ഫോമിൻ്റെ അടിയിലൂടെയാണ് ടണൽ പോകുന്നതെന്നും കോർപറേഷൻ സെക്രട്ടറി പറഞ്ഞു. മാലിന്യം രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നതായി രക്ഷാസംഘം വ്യക്തമാക്കിയിരുന്നു. കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ രക്ഷാപ്രവർത്തനത്തിന് തടസമായി നിൽക്കുന്നുണ്ട്. പാറപോലെ മാലിന്യങ്ങൾ ഉറച്ചു കിടക്കുകയാണ്. അത് വകഞ്ഞുമാറ്റി തല പൊക്കാൻ പറ്റുന്നില്ല. 40 മീറ്ററിൽ കൂടുതൽ പോയി. ജോയി വീണ സ്ഥലത്തുവരെ ഇന്നും ദൗത്യ സംഘമെത്തിയെന്ന് സ്‌കൂബാ ടീം അംഗം സുജയൻ പ്രതികരിച്ചു.

രക്ഷാദൗത്യം 22 മണിക്കൂർ പിന്നിടുകയാണ്. തെരച്ചിലിനായി റോബോട്ടിക് സംവിധാനവും ഉപയോഗിക്കുന്നുണ്ട്. ജില്ലാ കളക്ടറും മേയറും എൻ‍ഡിആർഎഫ് സംഘവും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സുരക്ഷ കൂടെ പരി​ഗണിച്ച് തെരച്ചിൽ ഇന്ന് രാവിലെത്തേക്ക് മാറ്റിയത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിന് പ്രത്യേക മെഡിക്കല്‍ സംഘത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശാനുസരണം നിയോഗിച്ചു. ഓക്‌സിജന്‍ സപ്പോര്‍ട്ട്, ബേസിക് ലൈഫ് സപ്പോര്‍ട്ട് തുടങ്ങിയ സംവിധാനങ്ങളുള്ള ആംബുലന്‍സുകളും സജ്ജമാക്കും. വെള്ളത്തിലിറങ്ങുന്നവര്‍ക്ക് ഡോക്‌സിസൈക്ലിന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മരുന്നുകളും നല്‍കും.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെയാണ് ജോയിയെ ഒഴുക്കിൽപ്പെട്ട് കാണാതായത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മഴ പെയ്തപ്പോള്‍ ജോയിയോട് കരയ്ക്കു കയറാന്‍ ആവശ്യപ്പെട്ടിരുന്നതായി ഒപ്പമുണ്ടായിരുന്ന ആളുകള്‍ പറഞ്ഞു. എന്നാല്‍ തോടിന്റെ മറുകരയില്‍ നിന്ന ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മാരായമുട്ടം സ്വദേശിയാണ് റെയില്‍വേയുടെ താല്‍ക്കാലിക തൊഴിലാളിയായ ജോയി.

Be the first to comment

Leave a Reply

Your email address will not be published.


*