മയാമി : കോപ്പ കിരീടത്തോടെ പടിയിറങ്ങി അർജന്റീനയുടെ മാലാഖ എയ്ഞ്ചൽ ഡി മരിയ. ഡി മരിയയെ കിരീടത്തോടെ യാത്രയാക്കണമെന്ന മെസ്സിയുടെ സ്വപ്നത്തിനും അതോടെ സാക്ഷാത്കാരം. കൊളംബിയെക്കെതിരായ കലാശപ്പോരിനൊടുവിൽ കിരീടം നേടുമ്പോൾ സ്വപ്ന തുല്യമായ പടിയിറക്കമാണ് താരത്തിന് ലഭിച്ചത്. നിശ്ചിത സമയവും കടന്ന് അധിക സമയത്തേക്ക് മുന്നേറിയ കളിയിൽ ലൗത്താറോ മാർട്ടിനസിന്റെ വിജയഗോൾ എത്തും വരെ മാലാഖ കളത്തിലുണ്ടായിരുന്നു.
സാധാരണ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി 117 മിനിറ്റുവരെ ഹാർഡ്റോക്ക് മൈതാനത്ത് പന്തുതട്ടിയാണ് താരം വിടവാങ്ങിയത്. കളിയുടെ രണ്ടാം പകുതിയിൽ മെസ്സി പരിക്കേറ്റ് പുറത്തായപ്പോൾ അർജന്റീനയെ നയിച്ചതും ഡി മരിയയായിരുന്നു. 2008ൽ അർജൻറീന ദേശീയ ടീമിൽ അരങ്ങേറിയ താരം വിങ്ങറായും അറ്റാക്കിങ് മിഡ് ഫീൽഡറായും 145 മത്സരങ്ങൾ പൂർത്തിയാക്കി. ടീമിന്റെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മാലാഖയായി. ഈ കോപ്പ ഒഴികെ സമീപ കാലങ്ങളിൽ അർജന്റീന വിജയിച്ച ഫൈനലുകളിലെല്ലാം ഗോൾ നേടി.
2008ലെ ഒളിമ്പിക്സിൽ മെസ്സിയും സംഘവും അർജന്റീനക്കായി സ്വർണം നേടിയപ്പോൾ ഫൈനലിൽ ടീമിന്റെ ജയമുറപ്പിച്ചത് ഡി മരിയയുടെ ഗോളാണ്. 2021ലെ കോപ്പ ഫൈനലിൽ ബ്രസീലിനെതിരെ അർജന്റീനയുടെ കിരീടവുമുറപ്പിച്ചതും ഡി മരിയയുടെ ഗോളായിരുന്നു. തുടർന്ന് 2022ൽ യൂറോ ചാമ്പ്യന്മാരായ ഇറ്റലിക്കെതിരെ ഫിഫ ഫൈനലിസീമ നേടിയപ്പോഴും ഗോൾ നേടി. 2022 ലോകകപ്പ് ഫൈനലിൽ നിർണ്ണായക ഗോൾ അടിക്കാനും ഒന്നിന് വഴിയൊരുക്കാനും താരത്തിനായി.
അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചെങ്കിലും ക്ലബ് ഫുടബോളിൽ അടുത്ത വർഷം വരെ ഡി മരിയ തുടരും. ബെൻഫിക്കയ്ക്ക് വേണ്ടിയാണ് താരം ഇപ്പോൾ കളിക്കുന്നത്. ബെൻഫിക്കയ്ക്ക് മുമ്പ് സ്പാനിഷ് വമ്പന്മാരായ മാഡ്രിഡ്, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡ്, ഫ്രഞ്ച് ലീഗിൽ പിഎസ്ജി, ഇറ്റാലിയൻ ലീഗിൽ യുവന്റസ് തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി രണ്ടുപതിറ്റാണ്ടോളം പന്തുതട്ടി.
Be the first to comment