ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരില്‍ ഹൃദയാഘാതം കൂടുതല്‍ ; മുന്നറിയിപ്പ് നല്‍കി ഹൃദ്രോഗവിദഗ്ധര്‍

ഹൃദ്രോഗം ക്രമാതീതമായി വര്‍ധിക്കുന്നുവെന്ന മുന്നറിയിപ്പ് നല്‍കി ഹൃദ്രോഗവിദഗ്ധര്‍. ഇന്ത്യയില്‍ 20നും 30നും ഇടയില്‍ പ്രായമുള്ളവരില്‍ ഹൃദയാഘാതം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി പ്രശസ്ത കാര്‍ഡിയോളജിസ്റ്റ് എച്ച് കെ ബാലി പറയുന്നു. ഇത് ഹൃദ്രോഗവിദഗ്ധരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഹൃദ്രോഗരംഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി ഹാര്‍ട്ട് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സിഐഐഎസ്ടി360 പ്രോഗ്രാമിലാണ് ഈ ആശങ്ക ഡോക്ടര്‍മാര്‍ പങ്കുവെച്ചത്.

വടക്കേ ഇന്ത്യയില്‍നിന്നുള്ള ഏകദേശം 250 ഹൃദ്രോഗവിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കൊറോണറി ആര്‍ട്ടറി ഡിസീസ്, സ്ട്രക്ച്വറല്‍ ഹാര്‍ട്ട് ഡിസീസ്, ഹാര്‍ട്ട് ഫെയിലുവര്‍ തുടങ്ങിയ രോഗങ്ങളെക്കുറിച്ച് വിദഗ്ധര്‍ സംസാരിച്ചു. ഹൃദയപ്രവര്‍ത്തനം കുറവുള്ളവരിലും ചികിത്സ സാധ്യമല്ലെന്ന് കരുതിയിരുന്നവരിലും സാധാരണ രീതിയിലെ ചികിത്സ ഫലിക്കാത്തവരിലും ഇപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുന്നുണ്ടെന്ന് ഹൃദ്രോഗരംഗത്തെ മുന്നേറ്റങ്ങള്‍ പരാമര്‍ശിച്ച് ഡോ. ബാലി പറഞ്ഞു. മികച്ച ഫലങ്ങള്‍ക്കും വോഗത്തില്‍ സുഖം പ്രാപിക്കുന്നതിനുമായി ഒരു മിനിയേച്ചര്‍ പമ്പ് ‘ഇംപെല്ല’ ഘടിപ്പിച്ച സംരക്ഷിത ആന്‍ജിയോപ്ലാസ്റ്റിയും ശ്രദ്ധേയ മുന്നേറ്റങ്ങളില്‍ പെടുന്നു.

ഐയുവിഎസ് അല്ലെങ്കില്‍ ഒസിടി ഉപയോഗിച്ചുള്ള ഇമേജ് ഗൈഡഡ് ആന്‍ജിയോപ്ലാസ്റ്റിയുടെ പ്രാധാന്യത്തെക്കുറിച്ചും ഇതിന്‌റെ ഹ്രസ്വ-ദീര്‍ഘകാല ഫലങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. ഉയര്‍ന്ന ശസ്ത്രക്രിയ അപകടസാധ്യതയുള്ള മുതിര്‍ന്നവര്‍ക്കായി ടാവി(ട്രാന്‍സ്‌കത്തീറ്റര്‍ അരോട്ടിക് വാല്‍വ് ഇംപ്ലാന്‌റേഷന്‍) എന്ന പെര്‍ക്യൂട്ടനിയസ് സാങ്കേതിക വിദ്യയിലൂടെ അയോട്ടിക് വാല്‍വ് സ്‌റ്റെനോസിസിന്‌റെ ശസ്ത്രക്രിയേതര ചികിത്സയെക്കുറിച്ചും ബാലി സംസാരിച്ചു.

അപകടസാഹചര്യമുള്ള രോഗികളില്‍ ഇത് സുരക്ഷിതമായി ചെയ്യാനാകും. ഹൃദയസ്തംഭനമുള്ള രോഗികളുടെ രോഗനിര്‍ണയത്തിലും കൈകാര്യം ചെയ്യുന്നതിലും ആര്‍ട്ടിഫിഷ്യല്‍ ഇന്‌റലിജന്‍സ് നിര്‍ണായക പങ്ക് വഹിക്കുമെന്ന് കൊല്‍ക്കത്തയില്‍ നിന്നുള്ള എം കെ ദാസ് പറഞ്ഞു. ഹൃദയസ്തംഭനമുള്ള രോഗികളെ മികച്ച രീതിയില്‍ ശുശ്രൂഷിക്കുന്നതിനും ആശുപത്രികളിലേക്കുള്ള പ്രവേശനം കുറയ്ക്കുന്നതിനുമായി ഇപ്പോള്‍തന്നെ പല ആശുപത്രികളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്‌റലിജന്‍സിന്‌റെ സാധ്യതകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ദാസ് പറഞ്ഞു.

ക്രമരഹിതമായ ഹൃദയമിടിപ്പ്(ആട്രിയല്‍ ഫൈബ്രിലേഷന്‍) വളരെ സാധാരണമായ ക്ലിനിക്കല്‍ പ്രശ്‌നമായി മാറുകയാണെന്നും ഇത് പക്ഷാഘാതത്തിനുള്ള പ്രധാന കാരണമായിരിക്കുമെന്നും ഡല്‍ഹിയില്‍ നിന്നുള്ള ടി എസ് ക്ലെര്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*