രക്തം ആവശ്യമായി വരുന്നവർക്ക് താങ്ങായി കേരള പൊലീസിന്റെ ‘പോൽ ബ്ലഡ്’

കോട്ടയം: ആവശ്യക്കാർക്ക് ആവശ്യസമയത്ത് രക്തം എത്തിച്ചുനൽകാനായി ആരംഭിച്ച കേരള പോലീസിന്റെ സംരംഭമാണ് പോൽ ബ്ലഡ്. അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ് എന്ന ഓൺലൈൻ സേവനം നിങ്ങൾക്കും പ്രയോജനപ്പെടുത്താം.
കേരള പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ ആയ പോൽ ആപ്പിന്റെ സഹായത്തോടെയാണ് പ്രവർത്തനം. കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പോൽ ബ്ലഡിൽ ആർക്കും അംഗങ്ങളാകാം.
രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ പ്ലേസ്റ്റോറിൽ നിന്ന് പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്പിൽ പോൽ ബ്ലഡ് എന്ന വിഭാഗം തിരഞ്ഞെടുക്കുക. രക്തം നൽകാൻ ഡോണർ (Donor) എന്ന രജിസ്ട്രേഷൻ ഫോറം പൂരിപ്പിക്കുക. രക്തം ആവശ്യമുള്ളവർ റെസീപ്യന്റ് (Recipient) എന്ന ഫോറം പൂരിപ്പിക്കുക. രജിസ്ട്രേഷൻ പൂർത്തിയായാൽ കൺട്രോൾ റൂമിൽ നിന്നു നിങ്ങളെ ബന്ധപ്പെടും.
രക്തം അടിയന്തരഘട്ടങ്ങളിൽ സ്വീകരിക്കാൻ മാത്രമുള്ളതല്ല, രക്ത ദാനത്തിനും നാം തയ്യാറാകണം. ഇതുവരെ പൊതുജനങ്ങളുടെ സഹായത്തോടെ ഇരുപതിനായിരം യൂണിറ്റോളം രക്തം ആവശ്യക്കാർക്ക് എത്തിച്ചു നൽകാൻ കേരള പോലീസിന് കഴിഞ്ഞിട്ടുണ്ട്.
രക്തദാനത്തിന് നിങ്ങളും തയ്യാറായാൽ മാത്രമേ ഞങ്ങൾക്ക് ഈ സേവനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂവെന്ന് കേരള പോലീസ് ഓർമ്മപ്പെടുത്തുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*