പ്രതിമാസം നാലുലക്ഷം പേര്‍; സര്‍വീസുകളുടെ എണ്ണത്തിലും വര്‍ധന; റെക്കോര്‍ഡ് നേട്ടവുമായി തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തില്‍ ഈ സാമ്പത്തികവര്‍ഷം ഒന്നാംപാദത്തില്‍ യാത്രക്കാരുടെയും വിമാനസര്‍വീസുകളുടേയും എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. മൂന്ന് മാസത്തിനിടെ 12,6000 പേരാണ് യാത്ര ചെയ്തത്. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 21 ശതമാനമാണ് വര്‍ധന.

മൂന്നൂമാസത്തെ യാത്രക്കാരില്‍ 6,61,000 പേര്‍ ആഭ്യന്തരയാത്രക്കാരാണ്. 5,98,000 പേര്‍ അന്താരാഷ്ട്ര യാത്രക്കാരും. അന്താരാഷ്ട്ര രാജ്യങ്ങളിലെ യാത്രക്കാരില്‍ ഏറ്റവുമധികം പേര്‍ യാത്ര ചെയ്തത് ഷാര്‍ജയിലേക്കായിരുന്നു. ആഭ്യന്തര യാത്രക്കാരുടെ കാര്യത്തില്‍ ബംഗളൂരുവിലേക്കും. വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ പതിനാല് ശതമാനമാണ് വര്‍ധന. പ്രതിമാസം നാല് ലക്ഷം പേരാണ് യാത്ര ചെയ്യുന്നത്.

ഈ കാലയളവില്‍ 7954 വിമാനസര്‍വീസുകളാണ് നടത്തിയത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഇത് 6887 ആയിരുന്നു. 2023-24 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ ആകെ യാത്രക്കാരുടെ എണ്ണം 10.38 ലക്ഷം ആയിരുന്നു. ഇത്തവണ രണ്ടുലക്ഷത്തിലേറെയാണ് വര്‍ധന.

ദുബായ്, അബുദാബി, ഷാര്‍ജ, ദോഹ, ദമാം, സിംഗപ്പൂര്‍, മാലി, ക്വാലാലംപൂര്‍, കൊളംബോ എന്നിവയുള്‍പ്പെടെ 13 അന്താരാഷ്ട്ര സര്‍വീസുകളും ന്യൂഡല്‍ഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊച്ചി, കണ്ണൂര്‍ എന്നിവയുള്‍പ്പെടെ ഏഴ് ആഭ്യന്തര സര്‍വീസുകളുമാണ് ഉള്ളത്.

 

Be the first to comment

Leave a Reply

Your email address will not be published.


*