കോട്ടയം: യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ സ്ഥാനത്ത് നിന്ന് ചാണ്ടി ഉമ്മനെ മാറ്റി. യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയുടേതാണ് തീരുമാനം. ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിലാണ് ചാണ്ടി ഉമ്മനെ ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയിത്. ഇതോടെ ഇന്ന് പുതുപ്പള്ളിയിൽ നടത്താനിരുന്ന ഔട്ട് റീച്ച് സെല്ലിൻ്റെ പരിപാടികളും മാറ്റി.
എംഎൽഎയായ ഘട്ടത്തിൽ ചാണ്ടി ഉമ്മനെ തൽസ്ഥാനത്തുനിന്ന് മാറ്റുമെന്ന് സൂചനയുണ്ടായിരുന്നു. ചാണ്ടി ഉമ്മന്റെ പ്രവർത്തനം പരിഗണിച്ച് പദവിയിൽ തുടരട്ടെ എന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിന്റെ തൊട്ടുതലേന്ന് രാത്രിയാണ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. യൂത്ത് കോൺഗ്രസിന്റെ ദേശീയ അധ്യക്ഷനാണ് ചാണ്ടി ഉമ്മനെ ടെലിഫോണിലൂടെ ഇക്കാര്യം അറിയിച്ചത്.
തത്കാലം പരസ്യപ്പെടുത്തുന്നില്ലെന്നായിരുന്നു ദേശീയ അധ്യക്ഷൻ ചാണ്ടി ഉമ്മനോട് പറഞ്ഞിരുന്നത്. ഇന്ന് ഉമ്മൻചാണ്ടിയുടെ ചരമദിനത്തോടനുബന്ധിച്ച് വൃക്ക രോഗികൾക്ക് സഹായം നൽകുന്ന പരിപാടികൾ പുതുപ്പള്ളിയിൽ ഔട്ട് റീച്ച് സെൽ ആസൂത്രണം ചെയ്തിരുന്നു. ആ പരിപാടി പോലും നടത്താൻ പാടില്ലെന്നും ദേശീയ നേതൃത്വം ചാണ്ടി ഉമ്മന് നിർദ്ദേശം നൽകിയതോടെ പരിപാടി ഉപേക്ഷിക്കേണ്ടിവന്നു. സംസ്ഥാനത്തെ ചില നേതാക്കളുടെ ഇടപെടലുണ്ടെന്ന സംശയമാണ് ചാണ്ടി ഉമ്മനൊപ്പമുള്ളവർ ഉയർത്തുന്നത്.
നേരത്തെ ഔട്ട് റീച്ച് സെല്ലിന്റെ സംസ്ഥാന കമ്മിറ്റി ദേശീയ നേതൃത്വം പിരിച്ചുവിട്ടിരുന്നു. പിന്നാലെയാണ് ഇപ്പോൾ ചാണ്ടി ഉമ്മനെ പദവിയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. പരസ്യമായി പ്രതികരിച്ചില്ലെങ്കിലും പിതാവിന്റെ ചരമവാർഷിക ദിനത്തിൽ തന്നെ ഇത്തരമൊരു നടപടിയെടുത്തതിൽ വലിയ പ്രയാസത്തിലാണ് ചാണ്ടി ഉമ്മൻ. ആസൂത്രണം ചെയ്ത പരിപാടികൾ വേണ്ടെന്ന് വെക്കേണ്ടിവന്നതിന്റെ വിഷമം മൂലം ഒപ്പമുള്ളവർ വലിയ പ്രതിഷേധത്തിലാണ്. ഇന്നത്തെ ദിവസം ഇത്തരമൊരു തീരുമാനമെടുത്തതിൽ പല കോൺഗ്രസ് നേതാക്കളും അതൃപ്തരാണ്. ഉമ്മൻ ചാണ്ടിയുടെ ചരമദിനത്തിൽ ചാണ്ടി ഉമ്മനെ ഔട്ട് റീച്ച് സെൽ ചെയർമാൻ പദവിയിൽ നിന്ന് നീക്കിയത് ശരിയായില്ലെന്നാണ് ഇവരുടെ പക്ഷം.
Be the first to comment