നിപ; സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍, രോഗലക്ഷണങ്ങള്‍, അറിയേണ്ടതെല്ലാം

നിപ വൈറസ്

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.

രോഗലക്ഷണങ്ങള്‍

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍ക്യുബേഷന്‍ പിരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച് ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. വൈറസ് ശ്വാസ കോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്. തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകളുടെ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

മുന്‍കരുതലുകള്‍ – അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവരിലും അതിസങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ കഴിവതും പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല.

രോഗം പകരാതിരിക്കാന്‍ കൃത്യമായി മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്‍ഡ് സമയം നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം. രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക.  രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

Be the first to comment

Leave a Reply

Your email address will not be published.


*