എരുമേലി : കേന്ദ്ര ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് അങ്കമാലി – എരുമേലി ശബരി റെയിൽവേ. 26 വർഷം മുൻപ് അനുവദിക്കുകയും 8 കിലോമീറ്റർ റെയിൽപാതയും കാലടി റെയിൽവേ സ്റ്റേഷനും പെരിയാർ റെയിൽവേപാലവും നിർമിക്കുകയും ചെയ്തെങ്കിലും ശബരി റെയിൽവേയുടെ നടപടികളിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.ശബരി റെയിൽവേയ്ക്കായി കഴിഞ്ഞ ബജറ്റിൽ 100 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് റെയിൽവേ ബോർഡിന്റെ പരിശോധനയ്ക്കായി ദക്ഷിണ റെയിൽവേ സമർപ്പിച്ചിരിക്കുകയാണ്. 3801 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് ദക്ഷിണ റെയിൽവേയുടെ ധനകാര്യ വിഭാഗം 2023 നവംബറിൽ പാസാക്കിയിരുന്നു. ഇനി പുതുക്കിയ എസ്റ്റിമേറ്റ് സംസ്ഥാന സർക്കാർ അംഗീകരിക്കുകയും പകുതി ചെലവ് വഹിക്കുന്നതിൽ ഉറപ്പ് നൽകുകയും വേണം.
അതേസമയം, വികസന സാധ്യത പരിഗണിച്ച് തുറമുഖ കണക്റ്റിവിറ്റിക്കായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച റെയിൽ സാഗർ പദ്ധതിയിൽ ഉൾപ്പെടുത്തി ശബരി റെയിൽവേ എരുമേലിയിൽ നിന്ന് പത്തനംതിട്ട, പുനലൂർ, നെടുമങ്ങാട് വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിച്ച് തലസ്ഥാനത്തേക്കുള്ള സമാന്തര റെയിൽവേ ആയി നിർമിക്കണമെന്നും ശബരി റെയിൽവേ ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ ആവശ്യപ്പെട്ടു. കിഴക്കൻ ജില്ലകളുടെ സമഗ്ര പുരോഗതിക്ക് ഇതു വഴിവയ്ക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്ര ബജറ്റിൽ ഇതിനായുള്ള നടപടികൾ ഉണ്ടാകണമെന്നാണ് ശബരി റെയിൽവേ ആക്ഷൻ കൗൺസിൽ ഫെഡറേഷന്റെ ആവശ്യം.
രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവിടങ്ങളിലാണ് ശബരി റെയിൽവേ പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടയം ജില്ലയിൽ റെയിൽവേ സ്റ്റേഷനുകൾ നിർമിക്കുക. ഇതിൽ രാമപുരം ഭരണങ്ങാനം റെയിൽവേ സ്റ്റേഷനുകൾ കോട്ടയം ലോക്സഭാ മണ്ഡലത്തിലും ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി റെയിൽവേ സ്റ്റേഷനുകൾ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലുമാണ്. രാമപുരം മുതൽ എരുമേലി സ്റ്റേഷൻ വരെ ഏരിയൽ സർവേ മാത്രമേ നടത്തിയിട്ടുള്ളത്.
കോട്ടയം ജില്ലയിലെ രാമപുരം സ്റ്റേഷൻ വരെയുള്ള 70 കിലോമീറ്ററിൽ റവന്യുവകുപ്പ് കല്ലിട്ട് തിരിച്ചു സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് 20 വർഷമായി. ഈ സ്ഥലങ്ങൾ വിൽക്കാനോ ബാങ്ക് വായ്പ എടുക്കാനോ സ്ഥലം ഉടമകൾക്ക് കഴിയുന്നില്ല. പെരുമ്പാവൂർ – കാലടി മേഖലയിലെ നിർമാണ, അരി സംസ്കരണ വ്യവസായങ്ങൾക്കും വ്യാപാരികൾക്കും ഇടുക്കി ജില്ലയ്ക്കും കിഴക്കൻ കേരളത്തിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾക്കും റെയിൽവേ സൗകര്യം നൽകുന്ന അങ്കമാലി – ശബരി റെയിൽവേ സമയബന്ധിതമായി നടപ്പാക്കുന്നത് കേരളത്തിന്റെ വികസനത്തിന് അത്യാവശ്യമാണ്. അങ്കമാലി-ശബരി റെയിൽവേ എരുമേലിയിൽ നിന്ന് റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, കിളിമാനൂർ, വെഞ്ഞാറമൂട്, നെടുമങ്ങാട്, കാട്ടാക്കട വഴി തിരുവനന്തപുരം ബാലരാമപുരത്തേക്കു വികസിപ്പിക്കുകയാണെങ്കിൽ 25 പുതിയ റെയിൽവേ സ്റ്റേഷനുകളുള്ള സമാന്തര റെയിൽപാത സംസ്ഥാന തലസ്ഥാനത്തേക്ക് രൂപപ്പെടും.
Be the first to comment