ഇടുക്കിയിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം

കോതമംഗലം : ഇടുക്കിയിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം. 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞികൾ എക്കാലവും ദൃശ്യമനോഹാരിതയുടെ മായാക്കാഴ്ചയാണ് സമ്മാനിക്കുന്നത്. ആ കാഴ്ചയാണിപ്പോൾ കട്ടപ്പന കല്യാണത്തണ്ട് മലനിരകളിലേക്ക് വിരുന്നെത്തിയിരിക്കുന്നത്. മിഴിവേകുന്ന ഈ കാഴ്ച ആസ്വദിക്കാനും ചിത്രങ്ങൾ പകർത്താനുമായി നിരവധിപേരാണ് കല്യാണത്തണ്ടിലേക്ക് എത്തുന്നത്.

മൂന്നാറിന്‍റെ സ്വന്തം നീലക്കുറിഞ്ഞി ലോകത്തിന് തന്നെ അത്ഭുതക്കാഴ്ചയാണ്. രാജമലയിൽ വിരിയുന്ന നിലക്കുറിഞ്ഞിക്ക് സമാനമാണ് കട്ടപ്പനയിലേതും. ഇടുക്കി അണക്കെട്ടിന്‍റെ വിദൂര ദൃശ്യങ്ങളുടെ മനോഹാരിതയ്‌ക്ക് മാറ്റുകൂട്ടുകയാണ് കല്യാണത്തണ്ടിലെ നീലക്കുറിഞ്ഞികൾ. കുറിഞ്ഞി പൂത്താൽ കാണാൻ ലോകത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്ന് ആളുകൾ ഓടിയെത്താറുണ്ട്.

ഒരുമാസം കൂടിക്കഴിഞ്ഞാൽ മലനിരകൾക്ക് മുഴുവൻ നീലനിറമാകും. ഓണത്തോടെ സഞ്ചാരികളെ കൊണ്ട് നിറയും കല്യാണത്തണ്ട്. കട്ടപ്പന ചെറുതോണി റൂട്ടിൽ നിർമ്മല സിറ്റിയിൽ നിന്ന് 2 കിലോമീറ്ററോളം ഉള്ളിലേക്ക് സഞ്ചരിച്ചാൽ കല്യാണത്തണ്ടിലെത്താം. ഇവിടെനിന്ന് ഇടത്തേക്ക് മറ്റൊരു മലയിലൂടെ മുകളിലേക്ക് എത്തിയാൽ നീലവസന്തം കാണാം.

വീശിയടിക്കുന്ന കാറ്റിൽ തലയാട്ടി നിൽക്കുന്ന നീലപ്പൂക്കൾ. മഞ്ഞുവീഴുന്ന കല്യാണത്തണ്ട് മലനിരകളെ കൂടുതൽ മനോഹരിതമാക്കുന്ന കാഴ്ചകൾ കണ്ട് സഞ്ചാരികൾക്ക് മടങ്ങാം.

Be the first to comment

Leave a Reply

Your email address will not be published.


*