ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്തിന്റെ പ്രവേശന കവാടം; റിഡംപ്ഷൻ ജൂബിലി മെമ്മോറിയൽ ആർച്ച് നവതി നിറവിൽ

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാ ആസ്ഥാനത്തിന്റെ പ്രവേശന കവാടം, റിഡംപ്ഷൻ ജൂബിലി മെമ്മോറിയൽ ആർച്ച് തൊണ്ണൂറിന്റെ നിറവിൽ. ചങ്ങനാശേരിയിലെ ആദ്യത്തെ കമനീയമായ പ്രവേശനകവാട നിർമിതിയാണിത്. അതിരൂപത മുൻ അദ്ധ്യക്ഷൻ മാർ ജയിംസ് കാളാശേരിയാണ് പണികഴിപ്പിച്ചത്. 1934 ജൂലായ് 25നാണ് വെഞ്ചരിപ്പുകർമ്മം നിർവഹിച്ചത്.

ഈശോയുടെ രക്ഷാകര രഹസ്യങ്ങളുടെ (റിഡംപ്ഷൻ, കുരിശുമരണം, ഉത്ഥാനം, സ്വർഗാരോഹണം തുടങ്ങിയവ) പൂർത്തീകരണത്തിന്റെ പത്തൊമ്പതാമത് ശതാബ്ദി ആഘോഷത്തിന്റെ സ്മാരകമായാണ് കവാടം പണികഴിപ്പിച്ചിട്ടുള്ളത്. യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുകയും അവിടെ പഠിക്കുകയും ചെയ്ത മാർ ജയിംസ് കാളാശേരി ചങ്ങനാശേരി രൂപതയുടെ അദ്ധ്യക്ഷനായി ചുമതലയേറ്റപ്പോൾ, വിദേശങ്ങളിൽ കണ്ടു പരിചയച്ചതുപോലെ ക്രൈസ്തവ സംസ്കാരത്തിന്റെ പ്രൗഢിയും ആഢ്യതയും വിളിച്ചോതുന്ന നിർമിതികൾ നാട്ടിലും വേണമെന്ന് ആഗ്രഹത്താൽ പണികഴിപ്പിച്ച നിർമിതിയാണിത്.

Redemption Jubilee Memorial എന്ന് ആർച്ചിൽ എഴുതിയിരിക്കുന്നു. അഭിവന്ദ്യ കാളാശേരി പിതാവിൻ്റെ ശ്ലൈഹികമുദ്രയും ഇതിന്റെ മുകൾവശത്തായി ആലേഖനം ചെയ്തിട്ടുണ്ട്. കവാടത്തിൻ്റെ ഉൾവശത്തായി പ്രതിഷ്ഠിച്ചിരിക്കുന്ന മാതാവിൻ്റെ തിരുസ്വരൂപവും എഴുതി ചേർത്തിരിക്കുന്ന Gate of Heaven Pray for Us എന്ന വാചകവും ഇതിൻ്റെ പ്രത്യേകതയാണ്. സാധാരണ കവാടങ്ങളിൽ അവ പ്രതിനിധാനം ചെയ്യുന്ന സ്ഥാപനത്തിൻ്റെ പേര് എഴുതിയിരിക്കും. എന്നാൽ ഇതിൽ അപ്രകാരം രൂപതയുടെ പേര് എഴുതിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഇത് ഒരു കവാടമെന്നതിലുപരി രൂപതയുടെ ചങ്കൂറ്റത്തിൻ്റെയും തലയെടുപ്പിൻ്റെയും പ്രതീകമാണ്. ഈ കവാടം പണികഴിപ്പിക്കപ്പെട്ട 1934 ൽ തന്നെയാണ് തിരുവതാംകൂർ രാജ്യത്തിൻ്റെ ആസ്ഥാനമന്ദിരമായ കവടിയാർ കൊട്ടാരവും ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവ് പണികഴിപ്പിക്കുന്നത്. പണിപൂർത്തിയായപ്പോൾ രൂപതയുടെ കവാടത്തിനു കൊട്ടാരത്തിൻ്റെ പ്രവേശന കവാടത്തെക്കാൾ ഉയരമുണ്ട് എന്നൊരു ആക്ഷേപം ഉയർന്നുവന്നു. പിന്നീട് സി. പി. രാമസ്വാമി അയ്യർ ദിവാനായി ചുമതലയേറ്റപ്പോൾ ഈ കവാടം പൊളിച്ചു നീക്കാനുള്ള ഉത്തരവ് നൽകിയെങ്കിലും കാളാശേരി പിതാവ് അതിനു തയ്യാറായില്ല. അദ്ദേഹത്തിൻ്റെ ചങ്കൂറ്റത്തെ ചെറുക്കാൻ സിപിക്കു സാധിച്ചതുമില്ല. അങ്ങനെ ഏകാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട്, രാജകൊട്ടാരത്തിൻ്റെ പ്രവേശന കവാടത്തേക്കാൾ തലയെടുപ്പോടെ അതിരൂപതാകേന്ദ്രത്തിൻ്റെ പ്രവേശനകവാടം ഉയർന്നു നിന്നു.

Be the first to comment

Leave a Reply

Your email address will not be published.


*