കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയായ നാലു വയസുകാരനാണ് പുതുച്ചേരിയില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയില്‍ കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. നേരത്തെ തന്നെ ചികിത്സ ആരംഭിച്ചിരുന്നതിനാല്‍ അപകടനില തരണം ചെയ്തു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള കുട്ടിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നാലു ദിവസം മുമ്പ് തന്നെ കുട്ടിയെ മുറിയിലേക്ക് മാറ്റിയിരുന്നു. നിലവില്‍ രണ്ടു കുട്ടികളാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലുള്ളത്. ഇതില്‍ കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്.

പയ്യോളി സ്വദേശിയായ പതിനാലുകാരന്‍ കഴിഞ്ഞയാഴ്ച രോഗമുക്തി നേടിയിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച ശേഷം രോഗമുക്തി നേടിയ ഇന്ത്യയിലെ ആദ്യ സംഭവമായിരുന്നു ഇത്. ഈ വര്‍ഷം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മൂന്നു കുട്ടികളാണ് മരിച്ചത്. മേയ് 21ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസുകാരിയും ജൂണ്‍ 16ന് കണ്ണൂര്‍ സ്വദേശിയായ പതിമൂന്നുകാരിയും ജൂലൈ മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളജ് സ്വദേശിയായ പന്ത്രണ്ടു വയസുകാരനുമാണ് മരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*