ഓഗസ്റ്റിലും സെപ്റ്റംബറിലും മഴ കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സാധാരണയില്‍ കവിഞ്ഞ മഴ രേഖപ്പെടുത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഓഗസ്റ്റ് അവസാനത്തോടെ ലാ നിന അനുകൂല സാഹചര്യങ്ങള്‍ വികസിക്കാന്‍ നല്ല സാധ്യതയുണ്ട്. ഇത് മഴയെ സ്വാധീനിക്കുമെന്നും കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

മണ്‍സൂണ്‍ ഇന്ത്യയുടെ കൃഷിക്ക് നിര്‍ണായകമാണ്. രാജ്യത്തെ മൊത്തം കൃഷിയിടത്തിന്റെ 52 ശതമാനവും മണ്‍സൂണിനെയാണ് ആശ്രയിക്കുന്നത്. രാജ്യത്തുടനീളമുള്ള കുടിവെള്ളത്തിനും വൈദ്യുതി ഉല്‍പ്പാദനത്തിനും ജലസംഭരണികള്‍ നിറയ്ക്കാന്‍ മണ്‍സൂണ്‍ നിര്‍ണായകമാണ്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ പെയ്യുന്ന മഴയുടെ ദീര്‍ഘകാല ശരാശരിയായ 422.8 മില്ലിമീറ്ററിന്റെ 106 ശതമാനമായിരിക്കുമെന്നും ഐഎംഡി കണക്കുകൂട്ടുന്നു. 

ജൂണ്‍ 1 മുതല്‍ ശരാശരി 445.8 മില്ലീമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ ഇത്തവണ 453.8 മില്ലീമീറ്ററാണ് ഇതുവരെ ലഭിച്ച മഴ. രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ശരാശരി മുതല്‍ ശരാശരിയിലും കൂടുതലുള്ള മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വടക്കുകിഴക്കന്‍, കിഴക്കന്‍ ഇന്ത്യ, ലഡാക്ക്, സൗരാഷ്ട്ര, കച്ച് അടക്കമുള്ള മേഖലകളില്‍ സാധാരണയിലും താഴെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയുടെ ചില ഭാഗങ്ങളില്‍ മഴയുടെ കുറവുണ്ടാകുമെന്നും ഐഎംഡി മേധാവി പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും സാധാരണയിലും ഉയര്‍ന്ന താപനില പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ജൂലൈയില്‍ ഇന്ത്യയില്‍ ശരാശരിയേക്കാള്‍ ഒമ്പത് ശതമാനം കൂടുതല്‍ മഴ രേഖപ്പെടുത്തി. ഇന്ത്യയുടെ മധ്യഭാഗങ്ങളില്‍ 33 ശതമാനം അധിക മഴ ലഭിച്ചു. കൃഷിക്ക് മണ്‍സൂണ്‍ മഴയെ വന്‍തോതില്‍ ആശ്രയിക്കുന്ന മധ്യ ഇന്ത്യയില്‍ തുടര്‍ച്ചയായ മൂന്നാം മണ്‍സൂണ്‍ സീസണിലും നല്ല മഴ ലഭിക്കുന്നുണ്ടെന്നും ഇത് കാര്‍ഷിക മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും മൊഹപത്ര പറഞ്ഞു. ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ മഴക്കുറവ് 35 മുതല്‍ 45 ശതമാനം വരെയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*