ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ട് നോമിനിയുടെ എണ്ണം നാലുവരെയായി ഉയര്‍ത്താന്‍ അനുവദിക്കുന്നത് അടക്കം നിരവധി മാറ്റങ്ങളുമായി ബാങ്കിങ് നിയമ ഭേദഗതി ബില്‍ 2024 ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. നിലവില്‍ ബാങ്ക് അക്കൗണ്ട് നോമിനിയായി ഒരാളെ മാത്രമാണ് അനുവദിക്കുന്നത്. ഡയറക്ടറുടെ ‘സബ്സ്റ്റാന്‍ഷ്യല്‍ ഇന്ററെസ്റ്റ്’ പുനര്‍നിര്‍വചിക്കുന്നതാണ് മറ്റൊരു മാറ്റം. ഓഹരിയുടമയായ ഡയറക്ടറുടെ സബ്സ്റ്റാന്‍ഷ്യല്‍ ഇന്ററെസ്റ്റ് നിലവിലെ അഞ്ചുലക്ഷം രൂപയില്‍ നിന്ന് രണ്ടു കോടി രൂപയാക്കി ഉയര്‍ത്താനും ബില്‍ നിര്‍ദേശിക്കുന്നു.
ലോക്സഭയുടെ ഇന്നത്തെ പുതുക്കിയ കാര്യപരിപാടി അനുസരിച്ച് വൈകീട്ട് ധനമന്ത്രി നിര്‍മല സീതാരാമന് ബില്‍ അവതരിപ്പിക്കും. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് ചില മാറ്റങ്ങളും ബില്ലില്‍ ഉള്‍പ്പെടുന്നുണ്ട് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന. സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാരുടെ വേതനം നിശ്ചയിക്കുന്നതില്‍ ബാങ്കുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കാനും ലക്ഷ്യമിട്ടാണ് ബില്‍. മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകള്‍ക്ക് പകരം നിയന്ത്രണങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബാങ്കുകളുടെ റിപ്പോര്‍ട്ടിങ് തീയതി എല്ലാ മാസവും 15-ാം തീയതിയും അവസാന തീയതിയും എന്ന നിലയില്‍ പുനഃനിശ്ചയിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ബില്‍, 1934ലെ റിസര്‍വ് ബാങ്ക് നിയമം, 1949ലെ ബാങ്കിംഗ് റെഗുലേഷന് നിയമം, 1955ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം തുടങ്ങി നിരവധി നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ നിര്‍ദേശിക്കുന്നതാണ്. ബാങ്ക് ഭരണം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപകരുടെ സംരക്ഷണം വര്‍ദ്ധിപ്പിക്കുന്നതിനുമായി ബാങ്കിംഗ് റെഗുലേഷന് ആക്ട്, ബാങ്കിംഗ് കമ്പനി ആക്ട്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് എന്നിവയില്‍ ചില ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നതാണ് ബില്‍ എന്ന് നിര്‍മല സീതാരാമന് വ്യക്തമാക്കി. 2023-24 ബജറ്റ് പ്രസംഗത്തിലാണ് ബാങ്കിങ് നിയമ ഭേദഗതി ബില്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനം നിര്‍മല നടത്തിയത്.
Be the first to comment