കൽപ്പറ്റ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾക്ക് പുറമെ സാധ്യമായ സഹായങ്ങളാൽ ചെയ്യുമെന്നും ലോകത്തെ ക്രിക്കറ്റ് താരങ്ങളിലേക്ക് സഹായാഭ്യാർത്ഥന എത്തിക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്താനിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ വാർത്താ സമ്മേളനത്തിലാണ് വയനാടിനൊപ്പം സർവ്വ സാധ്യമായതെല്ലാം ചെയ്ത് കൂടെയുണ്ടാകുമെന്ന ഉറപ്പ് കേരള ക്രിക്കറ്റ് അസോസിയേഷൻ നൽകിയത്.
അതേ സമയം വയനാട് ഉരുൾപൊട്ടൽ ദുരന്ത പശ്ചാത്തലത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന കേരള ക്രിക്കറ്റ് ലീഗിൻെറ ഉദ്‌ഘാടന പരിപാടികൾ ഒഴിവാക്കി. ക്രിക്കറ്റ് മേഖലയിലെ പ്രമുഖരിൽ നിന്ന് പരമാവധി സഹായം വയനാടിന് ലഭ്യമാക്കാനാണ് കെസിഎയുടെ തീരുമാനം. ബിസിസിഐയിൽ നിന്നടക്കം കെസിഎ സഹായം തേടും. മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി അടക്കം നിരവധി ഇന്ത്യൻ താരങ്ങൾ സഹായ സന്നദ്ധത ഇതിനകം തന്നെ അറിയിച്ചിരുന്നതായും കെസിഎ പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യൻ താരങ്ങൾക്ക് പുറമെ സഞ്ജു സാംസൺ അടക്കമുള്ള ദേശീയ താരങ്ങൾ വഴി വിദേശ താരങ്ങളിലേക്കും സഹായ പദ്ധതി എത്തിക്കാൻ കെസിഎ ഉദ്ദേശിക്കുന്നുണ്ട്. നേരത്തെ 2018 പ്രളയ സമയത്ത് ഓസ്‌ട്രേലിയൻ താരം പാറ്റ് കമ്മിൻസൺ അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു.
Be the first to comment