പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട് സന്ദർശിക്കും: ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രികളിലും കഴിയുന്നവരെ നേരിൽ കാണും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉരുൾപൊട്ടലുണ്ടായ വയനാട് സന്ദർശിക്കും. രാവിലെ 11 ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റർ മാർഗം വയനാട്ടിലേക്ക് പോകും. ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തും. തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലും ആശുപത്രികളിലും കഴിയുന്നവരെ നേരിൽ കാണും.

വൈകീട് 3.30ഓടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങുമെന്നാണ് വിവരം. കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയ്‌ക്കൊപ്പം ഡൽഹിയിൽ നിന്ന് കണ്ണൂരേക്ക് എത്തും എന്നാണ് വിവരം. ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. 2000 കോടി രൂപയുടെ അടിയന്തര സഹായമാണ് ഇന്നലെ എത്തിയ കേന്ദ്ര സംഘത്തിന് മുന്നിൽ സംസ്ഥാനം ആവശ്യപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്ത ബാധിത പ്രദേശം സന്ദർശിക്കുന്നതിന്റെ ഭാഗമായി രാവിലെ 10 മണി മുതൽ ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. കൽപ്പറ്റ, മേപ്പാടി ടൗണുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ഇവിടേക്ക് ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമേ കയറ്റിവിടൂ.

ടാക്സി, ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ രാവിലെ 11 മുതൽ പ്രധാനമന്ത്രി സന്ദർശനം കഴിഞ്ഞ് മടങ്ങുന്നത് വരെ കൽപ്പറ്റ-കൈനാട്ടി ബൈപാസ് ജങ്ഷൻ മുതൽ മേപ്പാടി വിംസ് ആശുപത്രി വരെയും, മേപ്പാടി ടൗൺ മുതൽ ചൂരൽമല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യാൻ പാടില്ല. കൽപ്പറ്റ ജനമൈത്രി ജങ്ഷൻ മുതൽ കെ.എസ്.ആർ.ടി.സി ഗാരേജ് ജങ്ഷൻ വരെയും പാർക്കിംഗ് നിയന്ത്രണം ബാധകമാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*