ചരിത്രത്തിൽ ഏറ്റവും ഉയർന്ന വിലയുമായി റബ്ബർ; 247 രൂപ

ചരിത്രത്തിൽ ഏറ്റവും ഉയർന്ന വിലയുമായി റബ്ബർ. റബ്ബർ ബോർഡ് പ്രസിദ്ധീകരിച്ച വില അനുസരിച്ച ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റിന് 247 രൂപയാണ് രേഖപ്പെടുത്തിയത്. റബ്ബറിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന വിലയാണ് ഇത്. 2011 ഏപ്രിൽ അഞ്ചിന് ലഭിച്ച 243 രൂപയുടെ റെക്കോർഡാണ് തകർന്നത്.

റബ്ബർ വ്യാപാരം ഏറ്റവും മികച്ച നിരക്കിൽ നടന്നത് 2011ലായിരുന്നു. അതിനുശേഷം കൂപ്പുകുത്തിയ റബ്ബർ വില ഒരു പതിറ്റാണ്ടിന് ശേഷം ഉയരുന്നതു കർഷകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്. സമീപകാലത്ത് റബ്ബർ വിലയിൽ വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്. അന്താരാഷ്ട്രവിലയേക്കാൾ 44 രൂപയുടെ വ്യത്യാസമാണ് ഇന്ത്യൻ വിപണിയിലുള്ളത്. ബാങ്കോക്കിലെ വില 203 രൂപയാണ്.

വിലയിലുണ്ടായ മുന്നേറ്റം കാർഷികമേഖലയിൽ പ്രതിഫലിക്കുന്നുണ്ട്. ഷീറ്റ് റബ്ബറാണ് വാണിജ്യപരമായി നേട്ടമുണ്ടാക്കുകയെന്നും കർഷകർ ലാറ്റക്സിൽനിന്ന് ഷീറ്റ് ഉത്പാദനത്തിലേക്ക് തിരിയണമെന്നും റബ്ബർ ബോർഡ് പറയുന്നു. ലാറ്റക്സിനും മികച്ച വിലയാണ് കിട്ടുന്നത്. അതും റെക്കോർഡാണ്. 60 ശതമാനം ഡിആർസിയുള്ള ലാറ്റക്സിന് 173 രൂപയാണ് വില.

ജൂൺ പകുതിയോടെ തന്നെ റബ്ബർ വിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ജൂൺ 30ന് കോട്ടയത്ത് കിലോയ്ക്ക് 205 രൂപയിലാണ് വ്യാപാരം നടന്നത്. മെയ് മാസം 180 രൂപയ്ക്ക് അടുത്തായിരുന്നു വ്യാപാരം. അതേസമയം ലാറ്റക്സ് വില 240 രൂപയിൽ എത്തി. ഒട്ടുപാൽ കിലോയ്ക്ക് 130 രൂപയുമാണ്. ഉത്പാദനം കുറഞ്ഞതും ഉപഭോഗം കൂടിയതും മറ്റ് ആഭ്യന്തര – വിദേശ ഘടകങ്ങളുടെ സ്വാധീനവുമാണ് ഇപ്പോഴത്തെ വില വർധനയ്ക്കുള്ള കാരണമെന്നാണ് സൂചന.

Be the first to comment

Leave a Reply

Your email address will not be published.


*