ഇന്ത്യയ്ക്കായി ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും കളിക്കണമെന്ന തന്റെ ആ​ഗ്രഹം പറഞ്ഞ്‍ സൂര്യകുമാർ യാദവ്

ഡൽഹി : ഇന്ത്യയ്ക്കായി ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും കളിക്കണമെന്ന തന്റെ ആ​ഗ്രഹം പറഞ്ഞ്‍ സൂര്യകുമാർ യാദവ്. താൻ ഇപ്പോൾ ബുച്ചി ബാബു ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് പുതിയ സീസണ് മുമ്പ് ബുച്ചി ബാബു ടൂർണമെന്റ് മികച്ച അനുഭവമാകും. ആ​ഗസ്റ്റ് 25 ഓടെ താൻ ടീമിന്റെ ഭാ​ഗമാകും.

ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ എപ്പോഴും താൻ തയ്യാറാണെന്നും സൂര്യകുമാർ യാദവ് വ്യക്തമാക്കി. ഇന്ത്യൻ ട്വന്റി 20 ടീമിന്റെ നായകനാണ് സൂര്യകുമാർ യാദവ്. ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിൽ സൂര്യ നയിച്ച ടീം സമ്പൂർണ്ണ വിജയം നേടിയിരുന്നു. ഇന്ത്യയ്ക്കായി 71 ട്വന്റി 20 മത്സരങ്ങൾ കളിച്ച താരം 2,432 റൺസ് നേടിയിട്ടുണ്ട്.

നാല് സെഞ്ച്വറികൾ ഉൾപ്പെടുന്നതാണ് താരത്തിന്റെ അന്താരാഷ്ട്ര ട്വന്റി 20 കരിയർ. എന്നാൽ ഏകദിന ക്രിക്കറ്റിൽ ഈ മികവ് ആവർത്തിക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. 37 ഏകദിനങ്ങൾ കളിച്ച സൂര്യകുമാറിന്റെ സമ്പാദ്യം 773 റൺസ് മാത്രമാണ്. 72 റൺസാണ് ഉയർന്ന സ്കോർ. ടെസ്റ്റ് ക്രിക്കറ്റിൽ ഇതുവരെ സുര്യകുമാർ ഒരു മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്.

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിൽ എട്ട് റൺസ് മാത്രമാണ് സൂര്യ നേടിയിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റിലെ പങ്കാളിത്തത്തോടെ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിലും ഇന്ത്യയ്ക്കായി കളിക്കാമെന്നുള്ള പ്രതീക്ഷയിലാണ് താരം.

Be the first to comment

Leave a Reply

Your email address will not be published.


*