‘ടെക്സ്റ്റ്, വോയ്സ് സേവനങ്ങളുടെ പകരക്കാര്‍’; ‘വാട്‌സ്ആപ്പിനെയും ടെലിഗ്രാമിനെയും നിയന്ത്രിക്കണമെന്ന് ജിയോയും എയർടെലും

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ്, ടെലിഗ്രാം പോലെയുള്ള മെസേജിങ് ആപ്പുകളെ നിയന്ത്രിക്കാന്‍ പുതിയ ചട്ടം കൊണ്ടുവരണമെന്ന് ടെലികോം കമ്പനികള്‍. ഈ മെസേജിങ് ആപ്പുകള്‍ ടെലികോം കമ്പനികള്‍ നല്‍കുന്ന അതേസേവനമാണ് നല്‍കുന്നത്. അതുകൊണ്ട് ഈ ഒടിടി കമ്മ്യൂണിക്കേഷന്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് അല്ലെങ്കില്‍ അനുമതി നിര്‍ബന്ധമാക്കണമെന്ന് റിലയന്‍സ് ജിയോ, എയര്‍ടെല്‍, വൊഡഫോണ്‍ ഐഡിയ എന്നി ടെലികോം കമ്പനികള്‍ ടെലികോം നിയന്ത്രണ സംവിധാനമായ ട്രായിയോട് ആവശ്യപ്പെട്ടു.

‘ഒടിടി സേവനങ്ങളും ആപ്ലിക്കേഷനുകളും ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ അഭിവൃദ്ധി പ്രാപിച്ച് വരികയാണ്. നിയന്ത്രണ തടസ്സങ്ങളുടെ അഭാവവും ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയോടെയുള്ള ഇന്റര്‍നെറ്റിലൂടെ ആഗോള പ്രേക്ഷകരിലേക്ക് ഉടന്‍ തന്നെ ആക്സസ് ചെയ്യാന്‍ കഴിയുന്നതുമാണ് ഒടിടി കമ്മ്യൂണിക്കേഷന്‍ ആപ്പുകള്‍ക്ക് അനുകൂലമായ ഘടകം. ഒടിടി ആപ്പുകള്‍ ടെക്സ്റ്റ്, വോയ്സ് സേവനങ്ങളുടെ പകരക്കാരായി മാറുകയും ചെയ്തു’- എയര്‍ടെല്‍ പറഞ്ഞു.

ടെലികോം കമ്പനികളുടെ ആരോപണം ഒടിടി ആപ്പുകള്‍ നിഷേധിച്ചു. ഇതിനകം തന്നെ വിവര സാങ്കേതിക നിയമത്തിന് കീഴില്‍ തങ്ങള്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നുവെന്നും ഒടിടി ആപ്പുകള്‍ അവകാശപ്പെട്ടു. നിലവിലുള്ള ടെലികോം ലൈസന്‍സിങ് വ്യവസ്ഥയെ മാറ്റി ഒരു പാന്‍-ഇന്ത്യ സിംഗിള്‍ ലൈസന്‍സ്, അതായത് ഏകീകൃത സേവന ഓതറൈസേഷന്‍ (നാഷണല്‍) കൊണ്ടുവരാനുള്ള ട്രായ് നിര്‍ദ്ദേശത്തെ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വൊഡഫോണ്‍ ഐഡിയ എന്നിവ പിന്തുണച്ചിട്ടുണ്ട്.

1994 ന് ശേഷം 30 വര്‍ഷത്തിനുള്ളില്‍ ലൈസന്‍സിങ് വ്യവസ്ഥയിലെ ആദ്യത്തെ സുപ്രധാന മാറ്റമാണ് ഒരു പാന്‍-ഇന്ത്യ അംഗീകാരത്തിനുള്ള നിര്‍ദ്ദേശം. ഇത് ബിസിനസ്സ് ചെയ്യുന്നത് എളുപ്പമാക്കും, നിയന്ത്രണങ്ങള്‍ ലളിതമാക്കും, ചെലവ് കുറയ്ക്കും, വ്യവഹാരങ്ങള്‍ കുറയ്ക്കുമെന്നും അവര്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*