നിയമസഭ തിരഞ്ഞെടുപ്പ് കേസ് ; നജീബ് കാന്തപുരം ആറ് വോട്ടുകൾക്ക് വിജയിച്ചതായി കണക്കാക്കാമെന്ന് ഹൈക്കോടതി

പെരിന്തൽമണ്ണ: പെരിന്തല്‍മണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ആറ് വോട്ടുകള്‍ക്കെന്ന് കണക്കാക്കാമെന്ന് ഹൈക്കോടതി. എല്‍ഡിഎഫ് തര്‍ക്കമുന്നയിച്ച 348 വോട്ടുകളില്‍ സാധുവായത് 32 എണ്ണം മാത്രമാണെന്നും സാധുവായ വോട്ട് മുഴുവനും എല്‍ഡിഎഫിനെന്ന് കണക്കാക്കിയാലും യുഡിഎഫ് ആറ് വോട്ടിന് ജയിക്കുമെന്നും ഈ സാഹചര്യത്തില്‍ മാറ്റിവെച്ച വോട്ടുകള്‍ എണ്ണേണ്ടതില്ലെന്നും ഹൈക്കോടതി പ്രസ്താവിച്ചു.

നിയമസഭാ ഫലം വന്നപ്പോൾ അന്ന് 38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം വിജയിച്ചിരുന്നത്. എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഹര്‍ജി തള്ളിയ വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇടത് സ്ഥാനാർത്ഥിയായിരുന്ന കെപി മുഹമ്മദ് മുസ്തഫയായിരുന്നു ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. 348 തപാൽവോട്ടുകൾ എണ്ണാതെ മാറ്റിവെച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

പോസ്റ്റൽവോട്ട് എണ്ണിയാൽ 300 വോട്ടെങ്കിലും തനിക്ക്‌ ലഭിക്കുമെന്നും പോസ്റ്റൽവോട്ട് നിയമപ്രകാരം സാക്ഷ്യപ്പെടുത്താത്തത് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ വോട്ടുകൾ നിയമപ്രകാരം സാക്ഷ്യപ്പെടുത്താത്തതിനാൽ മാറ്റിവെച്ചതിൽ തെറ്റില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റ വിജയം ഹൈക്കോടതി നേരത്തെ തന്നെ ശരിവെച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*