കൊച്ചി: ക്രൈസ്തവ വിജ്യാഭ്യാസ സ്ഥാപനങ്ങളെ തീവ്രമത താല്‍പര്യങ്ങള്‍ക്കുള്ള വേദിയാക്കി മാറ്റാനുള്ള ഗൂഢശ്രമം അനുവദിക്കില്ലെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്. മൂവാറ്റുപുഴ നിര്‍മല കോളജിലെ നിസ്‌കാര വിവാദത്തിനുശേഷം ഇപ്പോള്‍ പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് സ്‌കൂളിലും സ്‌കൂള്‍നിയമത്തിന് വിരുദ്ധമായി നിസ്‌കാര സൗകര്യം നല്‍കണമെന്ന ആവശ്യവുമായി ചിലര്‍ വന്നതിന്റെ പിന്നിലെ ലക്ഷ്യങ്ങള്‍ ദുരൂഹമാണ്.
ഇക്കാര്യത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് കത്തോലിക്കാ കോണ്‍ഗ്രസ് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹികളുടെ യോഗം അറിയിച്ചു. കത്തോലിക്കാ സ്ഥാപനങ്ങളില്‍ ഇതരമത വിഭാഗങ്ങള്‍ക്ക് ആരാധനാസ്ഥലം നല്‍കേണ്ടതില്ലെന്ന പ്രഖ്യാപിത നിലപാടില്‍ മാറ്റമില്ലെന്നും സമ്മേളനം വ്യക്തമാക്കി.
കോതമംഗലം രൂപത വികാരി ജനറല്‍ റവ. ഡോ. പയസ് മലേക്കണ്ടം, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയില്‍, കോതമംഗലം രൂപതാ പ്രസിഡന്റ് സണ്ണി കടുതാഴെ, ട്രഷറര്‍ അഡ്വ. തമ്പി പിട്ടാപ്പിള്ളില്‍, പൈങ്ങോട്ടൂര്‍ പള്ളിവികാരി ഫാ. ജയിംസ് വരാരപള്ളില്‍, ഫാ. ജോര്‍ജ് പൊട്ടക്കല്‍, ഫാ. ജേക്കബ് റാത്തപ്പള്ളി, ബേബിച്ചന്‍ നിധീരി, പ്രഫ. ജോര്‍ജ് കുര്യാക്കോസ് തുടങ്ങിയവര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ദീപ്തിയുമായി ചര്‍ച്ച നടത്തി.
Be the first to comment