കണ്ടെത്താനുള്ളത് 118 പേരെ; 401 ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി; ചാലിയാറില്‍ വെള്ളിയാഴ്ച വരെ തിരച്ചില്‍

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേപ്പാടിയില്‍ നിന്ന് 151 മൃതദേഹങ്ങളും നിലമ്പൂരില്‍ നിന്ന് 80 മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. മേപ്പാടിയില്‍ നിന്ന് 39 ശരീരഭാഗങ്ങളും നിലമ്പൂരില്‍ നിന്ന് 172 ശരീഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഇതുവരെ ലഭിച്ച എല്ലാ മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം നടത്തിയിട്ടുണ്ട്. തിരിച്ചറിഞ്ഞ 178 മൃതദേഹങ്ങളും 2 ശരീരഭാഗങ്ങളും ബന്ധുക്കള്‍ക്ക് കൈമാറി.

തിരിച്ചറിയാത്ത 52 മൃതദേഹങ്ങളും 194 ശരീരഭാഗങ്ങളും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രത്യേക മാര്‍ഗനിര്‍ദ്ദേശ പ്രകാരം വിവിധ മതവിഭാഗങ്ങളുടെ പ്രാര്‍ത്ഥനയോടെ സംസ്‌കരിച്ചു. നിലമ്പൂര്‍ കുമ്പളപ്പാറ ഭാഗത്ത് നിന്നും ഇന്നലെ 5 ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തിയെങ്കിലും ഇത് മനുഷ്യരുടെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.

മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുള്‍പ്പെടെ 415 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 401 ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി. ഇതില്‍ 349 ശരീരഭാഗങ്ങള്‍ 248 ആളുകളുടേതാണ്. ഇതു 121 പുരുഷന്‍മാരും 127 സ്ത്രീകളുമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. 52 ശരീര ഭാഗങ്ങള്‍ പൂര്‍ണ്ണമായും അഴുകിയ നിലയിലാണ്. ഡിഎന്‍എ പരിശോധനയ്ക്ക് 115 പേരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ബീഹാര്‍ സ്വദേശികളായ മൂന്നുപേരുടെ ബന്ധുക്കളുടെ രക്തസാമ്പിളുകള്‍ ഇനി ലഭ്യമാവാനുണ്ട്. ഡി.എന്‍.എ പരിശോധനയുടെ അടിസ്ഥാനത്തില്‍ 118 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

ചൂരല്‍മല പാലത്തിന് താഴ്ഭാഗത്തായി വനത്തിലൂടെ ഒഴുകുന്ന പുഴയുടെ തീരങ്ങള്‍ കേന്ദ്രീകരിച്ചും നിലമ്പൂര്‍ വയനാട് മേഖലകളിലും തിരച്ചില്‍ ഊര്‍ജ്ജിതമാണ്. ഏഴു മേഖലകളായി തിരിച്ച് എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ്, പോലീസ്, വനം വകുപ്പ് സേനാ വിഭാഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും തിരച്ചിലില്‍ നടത്തുന്നുണ്ട്. ജനകീയ തിരച്ചിലില്‍ ഒറ്റ ദിവസം തന്നെ 2000 ത്തോളം പേര്‍ പങ്കെടുത്തു. പരിശോധന ഇന്നും തുടരുന്നുണ്ട്. വെള്ളിയാഴ്ചവരെ ചാലിയാറില്‍ തിരച്ചില്‍ നടത്തും.

Be the first to comment

Leave a Reply

Your email address will not be published.


*