ദേശീയ വനിതാ കമ്മീഷനില്‍ നിന്ന് രാജിവെച്ച് ഖുശ്ബു

ചെന്നൈ : ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും സിനിമാതാരവുമായ ഖുശ്ബു സുന്ദര്‍ ദേശീയ വനിതാ കമ്മീഷനില്‍ നിന്ന് രാജിവെച്ചു. ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് താന്‍ രാജിവെക്കുന്നതെന്ന് ഖുശ്ബു സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. ജൂണ്‍ 28ന് ഖുശ്ബു നല്‍കിയ രാജിക്കത്ത് കഴിഞ്ഞ ദിവസമാണ് കേന്ദ്ര വനിതാശിശു വികസന മന്ത്രാലയം അംഗീകരിച്ചത്.

തന്റെ ജീവിതത്തിലെ ഏകദേശം 14 വര്‍ഷം രാഷ്ട്രീയത്തിന് വേണ്ടിയാണ് ചെലവഴിച്ചതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ദേശീയ കമ്മീഷനില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഖുശ്ബു നന്ദി അറിയിച്ചു. ”എന്റെ വിശ്വസ്തതയും ആത്മാര്‍ത്ഥയും എപ്പോഴും ബിജെപിക്കൊപ്പമാണ്. ഇപ്പോള്‍ ഞാന്‍ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു,” അവര്‍ വ്യക്തമാക്കി.

രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇനി സജീവമാകുമെന്നും ഖുശ്ബു പറഞ്ഞു. 2020 ഒക്ടോബറില്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവെച്ചാണ് ഖുശ്ബു ബിജെപിയില്‍ ചേർന്നത്. വനിതാ കമ്മീഷനില്‍ വന്നതിന് ശേഷം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ സാധിക്കുന്നില്ലെന്നും ഖുശ്ബു പറയുന്നു. ”ഞാന്‍ ഒരു രാഷ്ട്രീയ ചായ്‌വുള്ള വ്യക്തിയാണ്.

സേലത്ത് പ്രധാനമന്ത്രിക്കൊപ്പമുള്ള വേദിയില്‍ പങ്കെടുത്തതില്‍ വിശദീകരണം ചോദിക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ ദേശീയ കമ്മീഷന് കത്തെഴുതിയിരുന്നു. ഇത്തരമൊരു സ്ഥാനം വഹിക്കുന്നൊരാള്‍ എങ്ങനെയാണ് രാഷ്ട്രീയ വേദിയുടെ ഭാഗമാകുമെന്ന് ചോദിച്ചുള്ള കത്തായിരുന്നു അത്,” ഖുശ്ബു വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*