വര്‍ഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ ക്ഷേത്രപ്രവേശനം നേടിയെടുത്ത് ദളിത് കുടുംബങ്ങൾ

വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ തമിഴ്‌നാട്ടിൽ 100 ദളിത് കുടുംബങ്ങൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം. പിന്നാക്കവിഭാഗക്കാർക്ക് വർഷങ്ങളായി ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചിരുന്നു. പലതവണ ദളിത് കുടുംബാംഗങ്ങൾ തങ്ങളുടെ ആഗ്രഹം അറിയിച്ചെങ്കിലും മേൽജാതിക്കാർ ഇവരെ അകറ്റി നിർത്തുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ജില്ലാ ഭരണകൂടവും ഗ്രാമസഭയിലെ മുഖ്യന്മാരും നിരന്തരം ഇടപെട്ട് ചർച്ചനടത്തിയശേഷമാണ് ക്ഷേത്രപ്രവേശനത്തിനുള്ള അവസരം ഒരുങ്ങിയത്. പുതുക്കോട്ട ജില്ലയിലെ കുളവായ്പട്ടി ഗ്രാമത്തിലുള്ള ഭഗവതി അമ്മൻ ക്ഷേത്രത്തിലാണ് കഴിഞ്ഞദിവസം ദളിത് കുടുംബാംഗങ്ങൾ ദർശനം നടത്തിയത്. ക്ഷേത്രത്തിനുള്ളിൽ പൊങ്കൽ പാചകം ചെയ്യൽ, കരഗം ചുമക്കൽ ഉൾപ്പെടെയുള്ള ചടങ്ങുകളും നടത്തി.

ഏഴുവർഷം മുമ്പ് ക്ഷേത്രത്തിലെ പ്രധാനചടങ്ങിലേക്ക് സംഭാവന നൽകാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾപ്പോലും ജാതിയുടെ പേരിൽ അതു നിരസിക്കുകയായിരുന്നുവെന്ന് ദളിത് സമുദായാംഗം പറഞ്ഞു. തങ്ങൾ ക്ഷേത്രത്തിൽ കയറിയപ്പോൾ ചില പൂജാരിമാർ ക്ഷേത്രത്തിലെത്തിയില്ലെന്ന് മറ്റൊരു ദളിത് അംഗം ഇളയരാജ ആരോപിച്ചു. ദളിതരുടെ സാന്നിധ്യത്തെ ബഹുമാനിക്കുന്ന ഒരു പൂജാരിയെ ക്ഷേത്രത്തിൽ നിയമിക്കാൻ ദേവസ്വം വകുപ്പിനോട് ആവശ്യപ്പെടുമെന്നും മറ്റൊരാൾ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*