തൃശൂർ : കേരള ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ മികച്ച താരങ്ങളെ കളത്തിലിറക്കി ചൂടേറിയ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് തൃശ്ശൂര്‍ ടൈറ്റന്‍സ്. ടീമിന്റെ ജഴ്സി 18ന് പുറത്തിറക്കും. ഐപിഎൽ താരം വിഷ്ണു വിനോദും കേരള ക്രിക്കറ്റിലെ ഭാവി വാഗ്ദാനം വരുണ്‍ നയനാരും ഉള്‍പ്പെടെ ഒരുപിടി മികച്ച താരങ്ങളെ അണിനിരത്തിയാണ് തൃശൂര്‍ ടൈറ്റന്‍സ് കേരള ക്രിക്കറ്റ് ലീഗില്‍ മാറ്റുരയ്ക്കുന്നത്.
മുംബൈ ഇന്ത്യൻസ് ടീമംഗം കൂടിയായ വിഷ്ണു വിനോദാണ് ടൈറ്റന്‍സിന്റെ ഐക്കണ്‍ പ്ലെയര്‍. 2014 ല്‍ മുഷ്താഖ് അലി ട്രോഫി സീസണിലാണ് വിഷ്ണുവിന്റെ ടി20 അരങ്ങേറ്റം. നിലവില്‍ കേരള ടീമിലെ മികച്ച വിക്കറ്റ് കീപ്പറും ബാറ്ററുമാണ്. ഓപ്പണിങ് മുതൽ ഫിനിഷ് വരെയുള്ള റോളുകൾ കൈകാര്യം ചെയ്യുന്ന ഹാർഡ് ഹിറ്റർ. 2016 ലെ രഞ്ജി ട്രോഫിയിലാണ് കേരളത്തിനുവേണ്ടി ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തി. 2018 -19 ലെ രഞ്ജിയില്‍ മധ്യപ്രദേശിനെതിരെ 282 പന്തില്‍ നിന്ന് 193 റൺസ് നേടിയ വിഷ്ണു തന്റെ കന്നി സെഞ്ച്വറി സ്വന്തമാക്കി. 2019-20 ലെ വിജയ് ഹസാരെ ട്രോഫിയിൽ 8 മത്സരങ്ങളിൽ നിന്ന് 3 സെഞ്ച്വറികൾ ഉൾപ്പെടെ 63.50 ശരാശരിയോടെ 508 റൺസ് നേടിയ വിഷ്ണു കേരളത്തിന്റ ടോപ് റൺ സ്കോററായിരുന്നു.
2019-20 സീസണിലെ ദേവ്ധർ ട്രോഫിക്കുവേണ്ടിയുള്ള മത്സരത്തില്‍ ഇന്ത്യ എ ടീമിലേക്ക് തെരഞ്ഞെടുക്കപ്പട്ടിരുന്നു. 2022 സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ തമിഴ്നാടിനെതിരെ ഏഴ് സിക്സറുകൾ ഉൾപ്പെടെ 26 പന്തിൽ 65 റൺസ് നേടിയ മത്സരം തോല്‍വിയില്‍ അവസാനിച്ചെങ്കിലും വിഷ്ണുവിന്റെ പ്രകടനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.കണ്ണൂര്‍ സ്വദേശി വരുണ്‍ നയനാരെ 7.2 ലക്ഷം രൂപയ്ക്കാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്.
തന്റെ 16 വയസില്‍ അണ്ടര്‍ 19 ടീമിലെത്തിയ വരുണ്‍ നയനാര്‍ കുച്ച് ബിഹാര്‍ ട്രോഫിയില്‍ സൗരാഷ്ട്രയുമായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ കേരളത്തിന് വേണ്ടി ഡബിള്‍ സെഞ്ചുറി നേടിയാണ് കേരള ക്രിക്കറ്റിലെ മിന്നും താരമായത്. 370 പന്തുകൾ നീണ്ട ആ ഇന്നിങ്സിന് അകമ്പടിയായി 25 ബൗണ്ടറികളാണ് അന്ന് വരുണ്‍ സമ്മാനിച്ചത്.
Be the first to comment