കോട്ടയം • സിനിമാപുരസ്കാരങ്ങൾ ജില്ലയുടെ സാംസ്കാരിക പ്രതലങ്ങളെ സ്പർശിച്ചാണ് കടന്നുപോയത്. മികച്ച സ്വഭാവനടനുള്ള അവാർഡ് നേടിയ വിജയരാഘവൻ അച്ഛനും നാടകാചാര്യനുമായിരുന്ന എൻ.എൻ.പിള്ളയുടെ ഒളശ്ശയിലെ നാടകക്കളരിയിൽനിന്ന് അഭിനയത്തിന്റെ ആദ്യപാഠം പഠിച്ചയാളാണ്.
മികച്ച സിനിമ “കാതൽ ദ് കോർ സംവിധായകൻ ജിജോ ബേബി തലനാട് സ്വദേശിയാണ്. “ആടുജീവിത’ത്തിന്റെ ഛായാഗ്രാഹകൻ കെ.എസ്.സുനിൽ പാമ്പാടി സ്വദേശി. ചെന്നൈയിലാണ് സ്ഥിരതാമസം. ചലച്ചിത്ര ലേഖനത്തിനുള്ള പ്രത്യേക ജൂറി പരാമർശത്തിന് അർഹനായ കെ.ആർ. അനൂപ് പാമ്പാടി കെ.ജി. കോളജിലെ മലയാളം അധ്യാപകനാണ്. “സൗദി വെള്ള’യിലൂടെ സംവിധായകൻ തരുൺമൂർത്തി വൈക്കത്തേക്ക് ദേശീയപുരസ്കാരം എത്തിച്ചു.
ഉള്ളൊഴുക്ക്, വാലാട്ടി എന്നീ സിനിമകളിലൂടെ ഡബ്ബിങ് ആർട്ടിസ്റ്റ് പുരസ്കാരം നേടിയ റോഷൻ മാത്യു ചങ്ങനാശേരി സ്വദേശിയാണ്. “ആടുജീവിത’ത്തിലൂടെ മികച്ച ശബ്ദ മിശ്രണത്തിനു പുരസ്കാരം നേടിയ ശരത് മോഹൻ കല്ലറ സ്വദേശിയാണ്.
ജയരാജ് സംവിധാനം ചെയ്ത “കാഥികനി’ലെ സംഗീത സംവിധാനത്തിനു സഞ്ജയ് ചൗധരി ദേശീയ അവാർഡ് നിർണയ കമ്മിറ്റിയുടെ പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി. അനശ്വരസംഗീത സംവിധായകൻ സലിൽ ചൗധരിയുടെ മകനാണ്.
Be the first to comment