ചെന്നൈ : ആഭ്യന്തരക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷന്‍. ദുലീപ് ട്രോഫിക്ക് മുന്നോടിയായി നടക്കുന്ന ബുച്ചി ബാബു ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനായി മിന്നും പ്രകടനമാണ് ഇഷാന്‍ കാഴ്ച വെച്ചത്. മധ്യപ്രദേശിനെതിരെ വെടിക്കെട്ട് സെഞ്ച്വറി നേടിയാണ് ജാര്‍ഖണ്ഡ് നായകനായ ഇഷാന്‍ തിരിച്ചുവരവ് ഗംഭീരമാക്കിയത്.
മധ്യപ്രദേശിനെതിരായ പോരാട്ടത്തിന്റെ ഒന്നാം ഇന്നിങ്‌സിലായിരുന്നു താരം സെഞ്ച്വറി തികച്ചത്. രണ്ടാം ദിനം ടീമില്‍ ആറാമനായി ക്രീസിലെത്തിയ ഇഷാന്‍ 86 പന്തുകളിലാണ് മൂന്നക്കം തികച്ചത്. ആദ്യ 61 പന്തുകളില്‍ അര്‍ദ്ധ സെഞ്ച്വറിയിലെത്തിയ താരം പിന്നീടുള്ള 25 പന്തില്‍ സെഞ്ച്വറി തികച്ചു. തുടര്‍ച്ചയായ രണ്ട് സിക്‌സറുകള്‍ പറത്തിയാണ് ഇഷാന്‍ സെഞ്ച്വറിയിലെത്തിയത്. മത്സരത്തില്‍ 107 പന്തുകള്‍ നേരിട്ട് പത്ത് സിക്‌സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പടെ 114 റണ്‍സാണ് ഇഷാന്റെ സമ്പാദ്യം.
വിക്കറ്റിന് പിന്നിലും ഇഷാന്‍ തിളങ്ങുകയുണ്ടായി. മധ്യപ്രദേശിന്റെ ആദ്യ ഇന്നിങ്‌സില്‍ നാല് ക്യാച്ചുകളാണ് വിക്കറ്റ് കീപ്പറായ ഇഷാന്‍ നേടിയത്. ആഭ്യന്തരക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് മത്സരത്തില്‍ ബാറ്റിങ്ങിനൊപ്പം കീപ്പിങ്ങിലും ഇഷാന്‍ തിളങ്ങിയത് ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ ആവേശമാണ് സമ്മാനിച്ചിരിക്കുന്നത്. നിര്‍ണായക പ്രകടനത്തോടെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് പ്രതീക്ഷകളും ശക്തമാക്കിയിരിക്കുകയാണ് ഇഷാന്‍. ഇഷാന്‍ ഫോമിലെത്തിയത് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനും ഭീഷണിയാകുമെന്ന് ഉറപ്പാണ്.
നേരത്തെ കഴിഞ്ഞ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിട്ടുനിന്നത് താരത്തിന് വലിയ തിരിച്ചടിയായിരുന്നു. ബിസിസിഐ ആവശ്യപ്പെട്ടിട്ടും രഞ്ജി ട്രോഫി കളിക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് താരത്തിന് കരാര്‍ നഷ്ടപ്പെടുകയും പിന്നാലെ ടീമില്‍ നിന്ന് പുറത്തുപോവേണ്ടിവരികയും ചെയ്തിരുന്നു. കിഷന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആഭ്യന്തര മത്സരങ്ങളില്‍ കളിക്കുകയും പ്രകടനം നടത്തുകയും ചെയ്യണമെന്ന് അന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡ് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ടി20 യിലാണ് കിഷന്‍ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.
തുടര്‍ന്നുള്ള ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ താരത്തെ ഉള്‍പ്പെടുത്തിയെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനിന്നു. ആ സമയത്ത് തന്നെ രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ഇഷാൻ തീരുമാനമെടുത്തു. ഈ സമയത്ത് ഐ പി എൽ മത്സരങ്ങളുടെ ഭാഗമായി മുംബൈ ഇന്ത്യൻസിനൊപ്പം പരിശീലനം തുടങ്ങിയ ഇഷാന്റെ നടപടി വാർത്തയായിരുന്നു. തുടര്‍ന്നാണ് ഇഷാനെ കേന്ദ്ര കരാര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്ന നടപടിയിലേക്ക് ബിസിസിഐയെ നയിച്ചത്.
Be the first to comment