
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നല്‍കി ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടുമെന്ന് വ്യക്തമാക്കിയത്. ഉച്ചയ്ക്ക് 2.30 ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാനാണ് സാംസ്‌കാരിക വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.
മലയാള സിനിമാ മേഖലയില്‍ നടിമാര്‍ നേരിടുന്ന ലൈംഗികാതിക്രമം ഉള്‍പ്പടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. പുറത്തുവിടുമെന്ന് അറിയിച്ചിരുന്ന റിപ്പോര്‍ട്ടിലെ 233 പേജും സ്‌കാന്‍ ചെയ്ത് പിഡിഎഫ് ഫോര്‍മാറ്റിലേക്ക് മാറ്റിയിട്ടുണ്ട്.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് നടി രഞ്ജിനിയുടെ ഹര്‍ജി തള്ളിയത്. സ്വകാര്യതയെ ബാധിക്കുന്നുവെങ്കില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.
റിപ്പോര്‍ട്ട് പുറത്തുവിടാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണം. ഹേമ കമ്മിറ്റിക്ക് മുന്നില്‍ താനും മൊഴി നല്‍കിയിട്ടുണ്ട്. മൊഴി പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഇക്കാര്യം പാലിക്കണമെന്നുമായിരുന്നു രഞ്ജിനിയുടെ ആവശ്യം. രഞ്ജിനിയുടെ വാദം നിലനില്‍ക്കുന്നതാണോ എന്നാണ് കോടതി പരിശോധിച്ചത്. രഞ്ജിനിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക കോടതിയെ അറിയിച്ചിരുന്നു.
തന്റെ മൊഴി പുറത്തുവരരുതെന്ന് രഞ്ജിനി ഹർജി പരിഗണിക്കവെ ഹൈക്കോടതിയില്‍ പറഞ്ഞു. മൊഴി പുറത്തുവരരുതെന്നാണോ റിപ്പോര്‍ട്ട് പുറത്തുവരരുതെന്നാണോ ആവശ്യമെന്ന് കോടതി ചോദിച്ചു. ഇതിന് പിന്നാലെയാണ് ഹർജി തള്ളിയത്.
സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങള്‍ ഒഴിവാക്കി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാം എന്നായിരുന്നു സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ്. ഈ ഉത്തരവ് ചോദ്യം ചെയ്ത് നടനും നിര്‍മാതാവുമായ സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് അനുസരിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാം എന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ നിർമ്മാതാവ് സജിമോന്‍ പാറയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
Be the first to comment