തൃശ്ശൂരിലെ പുലികളിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി

മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കാന്‍ തീരുമാനിച്ച തൃശ്ശൂരിലെ പുലിക്കളി നടത്താന്‍ സര്‍ക്കാര്‍ അനുമതി. പുലിക്കളി സംഘങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അനുമതി തേടി മേയര്‍ എം കെ വര്‍ഗീസ് സര്‍ക്കാരിന് കത്തയച്ചിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം അനുവദിച്ച അതേ തുകയില്‍ പുലിക്കളി നടത്താന്‍ അനുമതി നല്‍കിയത്.

എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷം പുലിക്കളി വേണ്ടെന്നുവച്ച തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് വിവിധ പുലിക്കളി സംഘങ്ങള്‍ ഉയര്‍ത്തിയത്. ഇതോടെ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തേടി തദ്ദേശ വകുപ്പ് മന്ത്രിക്ക് മേയര്‍ എം കെ വര്‍ഗീസ് കത്ത് അയച്ചു. പുലിക്കളി വേണ്ടെന്നു വച്ചാല്‍ ഓരോ സംഘങ്ങള്‍ക്കും മൂന്നുലക്ഷം രൂപയിലധികം നഷ്ടമാകുമെന്നും വിപണിയില്‍ ഉള്‍പ്പെടെ തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു ചൂണ്ടിക്കാട്ടിയത്.

ഈ പശ്ചാത്തലത്തില്‍ മുന്‍ വര്‍ഷത്തെ അതേ തുക അനുവദിച്ചുകൊണ്ട് പുലിക്കളി നടത്താനാണ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അനുമതി നല്‍കിയത്. ഇതു സംബന്ധിച്ച ഉത്തരവ് തൃശ്ശൂര്‍ കോര്‍പ്പറേഷന് കൈമാറി. സംസ്ഥാനസര്‍ക്കാരിന്റെ നടപടിയില്‍ പുലിക്കളി സംഘങ്ങള്‍ സന്തോഷം പ്രകടിപ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*