നഗരസഭ ഭൂമിയിലെ റോഡ് നിർമാണം; ഏറ്റുമാനൂർ നഗരസഭ സെക്രട്ടറിക്ക് സസ്പെൻഷൻ

ഏറ്റുമാനൂർ: കോട്ടയ്ക്കൽ നഗരസഭ ഭൂമിയിലെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ നഗരസഭ സെക്രട്ടറിക്ക് സസ്പെൻഷൻ. ഏറ്റുമാനൂർ നഗരസഭ സെക്രട്ടറി എം സുഗതകുമാറിനെയാണ് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടേതാണ് ഉത്തരവ്.

മലപ്പുറം കോട്ടയ്ക്കൽ നഗരസഭ സെക്രട്ടറിയായി ജോലിചെയ്തപ്പോൾ നടത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിൽ 2020 -21 വർഷം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കോട്ടയ്ക്കൽ നഗരസഭയിൽ കോട്ടുകുളം ഭാഗത്ത് ഭവനരഹിതർക്കായി നഗരസഭ വീട് നിർമിക്കാൻ സ്ഥലം നീക്കിവച്ചിരുന്നു. ഈ 74 സെന്റ് സ്ഥലത്തിന് സമീപമുള്ള സ്വകാര്യ വ്യക്തികൾക്ക് ലാഭമുണ്ടാക്കി നൽകണമെന്ന ഉദ്ദേശത്തോടെ നഗരസഭ സെക്രട്ടറി റോഡ് നിർമിച്ചതായി പരാതി ഉയർന്നിരുന്നു. പരാതിയിൽ വിജിലൻസ് നടത്തിയ അന്വേഷണത്തിൽ വ്യാപക ക്രമക്കേട് കണ്ടെത്തുകയായിരുന്നു.

കേസിൽ ഒന്നാം പ്രതിയാണ് എം സുഗതകുമാർ. ഇദ്ദേഹം സർവീസിൽ തുടരുന്നത് അന്വേഷണത്തിന് തടസമാകുമെന്ന് കണ്ടാണ് സസ്പെൻഡ് ചെയ്തത്.

 

Be the first to comment

Leave a Reply

Your email address will not be published.


*